കൊച്ചി: അതിഥിത്തൊഴിലാളകള്ക്ക് അവരുടെ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡില്‍ കേരളത്തില്‍ നിന്നും റേഷന്‍ സാധാനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന പദ്ധതി പെരുമ്പാവൂരില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. “റൈറ്റ് റേഷന്‍ കാര്‍ഡ്’ എന്ന സംവിധാനത്തിലൂടെ അതിഥിത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ നിന്നും സാധനങ്ങള്‍ റേഷന്‍ വിലയില്‍ വാങ്ങാന്‍ കഴിയും.
സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി പറഞ്ഞു. ആരും പട്ടിണി കിടക്കരുത് എന്നതു കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മലയാളികള്‍ മാത്രം പട്ടിണി കിടക്കരുത് എന്നല്ല. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത്.
ആ ലക്ഷ്യത്തില്‍ ഊന്നിയാണ് അതിഥിത്തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കുന്ന “റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി’ സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ഇത് അതിഥിത്തൊഴിലാളികള്‍ക്കുള്ള കേരളത്തിന്റെ ഓണ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.
“ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി’ പ്രകാരം ദാരിദ്യ വിഭാഗത്തിലുളള (എന്‍എഫ്എസ്എ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഏത് സംസ്ഥാനത്തെ റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വിഹിതം വാങ്ങാം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് റേഷന്‍ വ്യാപാരികള്‍ക്കും അതിഥിത്തൊഴിലാളികൾക്കും കാര്യമായി അറിവില്ല.
ആ അറിവ് പകരുകയും അതുവഴി അര്‍ഹരായവര്‍ക്ക് റേഷന്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തിലാണ് റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസാം, ബംഗാള്‍, തമിഴ്, ഹിന്ദി, കന്നഡ, ഒഡീഷ ഭാഷകളിലാണ് “റേഷന്‍ റൈറ്റ് കാര്‍ഡ്’ ക്രമീകരിച്ചിരിക്കുന്നത്. ഈ സേവനം ലഭ്യമാകുവാന്‍ റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം. റേഷന്‍ വാങ്ങാനെത്തുന്ന അതിഥിത്തൊഴിലാളികള്‍ ആധാറും കൈയില്‍ കരുതണം.
എല്ലാ മാസത്തിലെയും ആദ്യദിവസം ഇവര്‍ക്ക് റേഷന്‍ വാങ്ങാന്‍ പ്രത്യേക ക്രമീകരണം ഒരുക്കും. അതിഥിത്തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.