ചാര്‍ജിങ് ടെന്‍ഷന്‍ വേണ്ട; ബസ് സ്റ്റാന്‍ഡിലും ആര്‍.ടി. ഓഫീസിലും ഇ.വി. ചാര്‍ജിങ്ങുമായി അനര്‍ട്ട്

Share our post

ഇലക്ട്രിക് വാഹനങ്ങള്‍ കൂടുന്ന കേരളത്തില്‍ വേഗ ചാര്‍ജിങ് സ്റ്റേഷനുകളുമായി അനര്‍ട്ട്. പുതിയ പദ്ധതിപ്രകാരം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡുകളിലും റസ്റ്റ് ഹൗസുകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ 10 സ്റ്റാന്‍ഡുകളും രണ്ട് റസ്റ്റ് ഹൗസും (പത്തനംതിട്ട കുളനട, കോഴിക്കോട്) ഉള്‍പ്പെടും. മോട്ടോര്‍വാഹനവകുപ്പും അനര്‍ട്ടും ഇതിനുള്ള സമ്മതപത്രം ഒപ്പിട്ടു. നടത്തിപ്പും പരിപാലനവും അനര്‍ട്ടാണ്. പദ്ധതിച്ചെലവ് വഹിക്കുന്നത് മോട്ടോര്‍വാഹനവകുപ്പും.

കേരളത്തിലെ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസുകളിലും ഇനി ചാര്‍ജിങ് സ്റ്റേഷനുകള്‍ വരും. സോളാര്‍സംവിധാനം ഉള്‍പ്പെടെ 30 കിലോവാട്ടിന്റെ ഉപകരണമാണ് സ്ഥാപിക്കുന്നത്. 2019-ല്‍ 474 ഇ-വാഹനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ അത് 99,995 ആയി. പണം അടയ്ക്കാനുള്ള സ്വന്തം സോഫ്റ്റ്വേറും അനര്‍ട്ട് തയ്യാറാക്കി.

മൊബൈല്‍ ആപ്ലിക്കേഷന്‍ സ്‌കാന്‍ ചെയ്താണ് യൂണിറ്റ് ചാര്‍ജിങ്ങിന് പണം നല്‍കുന്നത്. എന്നാല്‍ സോഫ്റ്റ്വേറില്‍ കൃത്രിമം വരുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് അനര്‍ട്ട് സ്വന്തം സോഫ്റ്റ്വേറിലേക്ക് തിരിഞ്ഞത്. ഈസി ഫോര്‍ ഇവി എന്നാണ് പേര്. ‘തിരുവനന്തപുരത്ത് പരീക്ഷണനീക്കം നടത്തുകയാണെന്ന്’-അനര്‍ട്ട് ടെക്നിക്കല്‍ മാനേജര്‍ ജെ. മനോഹരന്‍ പറഞ്ഞു.

ദീര്‍ഘദൂരയാത്രയ്ക്ക്

സര്‍ക്കാര്‍ഭൂമിയില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് അനര്‍ട്ട് നിര്‍ത്തി. ഹോട്ടല്‍, റസ്റ്ററന്റുകള്‍, മാളുകള്‍, ആസ്പത്രികള്‍ ഉള്‍പ്പെടെ സബ്സിഡി നിരക്കില്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കലാണ് പുതിയ പദ്ധതി. കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ തുടങ്ങി. ദീര്‍ഘദൂരയാത്രചെയ്യുന്നവര്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ ചാര്‍ജിങ് സാധ്യമാക്കുകയാണ് ലക്ഷ്യം.

കേരളത്തില്‍ സോളാര്‍സംവിധാനം ഉള്‍പ്പെട്ട ആറ് വേഗ ചാര്‍ജിങ് സ്റ്റേഷനുകളാണ് അനര്‍ട്ടിനുള്ളത്. കൊച്ചി മെട്രോ സ്റ്റേഷന്‍, മുട്ടം, കുസാറ്റ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കളമശ്ശേരി, ഷൊര്‍ണൂര്‍, കുന്നംകുളം എന്നിവ. കാസര്‍കോട് ബേക്കലില്‍ പ്ലാന്റ് പൂര്‍ത്തിയായി. സോളാര്‍ ഇല്ലാതെ കേരളത്തില്‍ 17 സ്ഥലങ്ങളിലും സബ്സിഡി നല്‍കി സ്വകാര്യമേഖലയില്‍ 13 എണ്ണവും പ്രവര്‍ത്തിക്കുന്നു.

സ്‌കൂട്ടര്‍മുതല്‍ കാറുവരെ

ചാര്‍ജ് ചെയ്യാന്‍ ഒരു സ്റ്റേഷനില്‍ നാല് മെഷീനുകള്‍ അനര്‍ട്ട് ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. 82 കിലോവാട്ട്, 60 കിലോവാട്ട്, 10,7.5 കിലോവാട്ട് എന്നിങ്ങനെ. ഒരുമിച്ച് അഞ്ച് കാര്‍, മൂന്ന് ഓട്ടോ, ഒരു ബൈക്ക് എന്നിവ ചാര്‍ജ് ചെയ്യാം. കാറിന് മുഴുവന്‍ ചാര്‍ജിങ്ങിന് ഒരുമണിക്കൂര്‍ എടുക്കും. ബാറ്ററി ശേഷിക്കനുസരിച്ച് മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ 20-40 യൂണിറ്റ് വൈദ്യുതിേവണം.

200-300 കിലോമീറ്റര്‍വരെ ഒരു ഫുള്‍ചാര്‍ജില്‍ ഓടും. ഒരുകിലോമീറ്റര്‍ ഓടാന്‍ ശരാശരി ഒരുരൂപ മാത്രമേയാകൂവെന്ന് അധികൃതര്‍ പറയുന്നു. യൂണിറ്റിന് 13 രൂപയാണ് (ജി.എസ്.ടി. കൂടാതെ) വാങ്ങുന്നത്. സ്വകാര്യ സ്റ്റേഷനുകളില്‍ 20-24 രൂപ വരെയുണ്ട്. ഏഴ് രൂപ അനര്‍ട്ട് കെ.എസ്.ഇ.ബി.ക്ക് അടയ്ക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!