ഓണത്തിനെ വരവേല്‍ക്കാന്‍ പൂപ്പാടമൊരുക്കി മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്

Share our post

മാങ്ങാട്ടിടം: ഓണത്തിന് പൂതേടി അലയേണ്ട, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലി പൂത്തു നില്‍പ്പുണ്ട്. ഓണക്കാലത്ത് പൂതേടിയുള്ള നേട്ടോട്ടത്തിന് പരിഹാരമായി മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി വിളവെടുപ്പിന് തയ്യാറായത്.

ജില്ലാ പഞ്ചായത്തിന്റെ ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായാണ് പൂകൃഷി ചെയ്തത്. പദ്ധതിയുടെ ഭാഗമായി ലഭിച്ച 10800 തൈകളും കൂത്തുപറമ്പ് ഹൈടെക് നഴ്‌സറി തയ്യാറാക്കിയ 2000 തൈകളും ആണ് കൃഷിക്കായി ഉപയോഗിച്ചത്. കൃഷിഭവന്റെ നിര്‍ദ്ദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലം ഒരുക്കി നല്‍കി. പഞ്ചായത്തിലെ 17 ഗ്രൂപ്പുകള്‍ക്കാണ് 10800 ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തത്.

പഞ്ചായത്തിലെ 17 പുരുഷ സഹായ സംഘങ്ങളും, ആറ് വ്യക്തികളും ചേര്‍ന്നാണ് പൂകൃഷി നടത്തിയത്. ഒന്നിന് 6.50 രൂപ വിലയുള്ള തൈകള്‍ ജില്ലാ പഞ്ചായത്ത് സൗജന്യമായാണ് നല്‍കിയത്. കൂത്തുപറമ്പ് ഹൈടെക് നഴ്‌സറിയില്‍ നിന്നുള്ള തൈകള്‍ ഒന്നിന് അഞ്ച് രൂപ നിരക്കിലാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. ഒരു സംഘത്തിന് 7000 രൂപയാണ് കൃഷി നടത്തുന്നതിന് ചെലവ് വന്നത്.

കൂത്തുപറമ്പ് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള അഞ്ച് വിപണന കേന്ദ്രം വഴിയും, പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ആഴ്ച ചന്തകള്‍ വഴിയും, വിപണി കണ്ടെത്തും. ഇതിന് പുറമെ പഞ്ചായത്തില്‍ എല്ലാ വാര്‍ഡിലും ഓരോ ദിവസങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ വണ്ടിയിലും വിപണ സാധ്യത ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

അഞ്ച് ഏക്കറില്‍ നടത്തിയ കൃഷിയില്‍ നിന്നും രണ്ട് ടണ്‍ പൂവുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയും അത് ജനങ്ങള്‍ക്ക് വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ എത്തിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. ഇവിടെ പൂക്കള്‍ക്ക് തീ വിലയും ഉണ്ടാവില്ല, ന്യായവില മാത്രം ഇഷ്ടമുള്ളത് നേരിട്ടെത്തി കണ്ട് വാങ്ങി പോകാമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ മാസ്റ്റര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!