ലിഫ്റ്റ്, പോലീസ് ഔട്ട്‌പോസ്റ്റ്, കൺട്രോൾ റൂം; കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഇനി വേറെ ലെവൽ

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പുതിയ ലിഫ്റ്റ്, മെഡിസിൻ ഗോഡൗൺ, പൊലീസ് ഔട്ട് പോസ്റ്റ്, കൺട്രോൾ റൂം എന്നിവയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
ആശുപത്രി നാലാം നിലയിലെ ലക്ചറർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ റൂറൽ പൊലീസ് മേധാവി എം.ഹേമലത, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
സർക്കാർ സ്ഥാപനമായതോടെ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുതുതായി നിർമ്മിച്ച ലിഫ്റ്റുകളുടേയും, സർക്കാർ ലഭ്യമാക്കുന്ന മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള മെഡിസിൻ ഗോഡൗണിന്റേയും, സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആദ്യമായി പണികഴിപ്പിച്ച ലോക്കപ്പ് സഹിതമുള്ള പൊലീസ് ഔട്ട്‌പോസ്റ്റിന്റേയും, ഒപ്പം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികളെ സഹായിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റേയും ഉദ്ഘാടനമാണ് നടക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ടി.കെ. പ്രേമലത, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ അറിയിച്ചു.