അരിപ്പയിൽ ഫോറസ്‌റ്റ്‌ റേഞ്ചർ പരിശീലന കേന്ദ്രം; കേരളത്തിൽ ആദ്യം

Share our post

പാലക്കാട്‌ : വനം റേഞ്ചർമാരെ പരിശീലിപ്പിക്കാൻ തിരുവനന്തപുരം അരിപ്പയിൽ മേഖലാ പരിശീലന കേന്ദ്രം (കോളേജ്‌) ആരംഭിക്കും. രാജ്യത്ത്‌ 13 ഇടത്താണ്‌ മേഖലാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്‌. അരിപ്പയിലെ സംസ്ഥാന വനപരിശീലനകേന്ദ്രം വിപുലീകരിച്ചാണ്‌ റേഞ്ചർമാരെ പരിശീലിപ്പിക്കുക. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ്‌ പദ്ധതി. 100 റേഞ്ചർമാർക്ക്‌ ഒരേസമയം ഇവിടെ പരിശീലനം നൽകാനുള്ള സൗകര്യമാണ്‌ ഒരുങ്ങുന്നത്‌. നബാർഡ് ഫണ്ടിൽ 30 കോടി രൂപ ചെലവിട്ട്‌ അരിപ്പ കേന്ദ്രം വിപുലീകരിക്കുന്നുണ്ട്‌.

വാളയാറിലും സാധ്യത  

സംസ്ഥാനത്തെ രണ്ടാമത്തെ വനപരിശീലന കേന്ദ്രമുള്ള വാളയാറിലും ഭാവിയിൽ മേഖലാ കേന്ദ്രത്തിന്‌ സാധ്യതയുണ്ട്‌. 22.50 ഏക്കർ ഭൂമി ഇവിടെയുണ്ട്‌. 14.50 കോടി രൂപയുടെ നബാർഡ്‌ ഫണ്ടിൽ വിപുലമായ നവീകരണം വാളയാറിലും പദ്ധതിയിട്ടുണ്ട്‌. നിലവിൽ കോയമ്പത്തൂരിലാണ്‌ മേഖലാ കേന്ദ്രമുള്ളത്‌. ഡെറാഡൂൺ ആസ്ഥാനമായ ഇന്ത്യൻ കൗൺസിൽ ഓഫ്‌ ഫോറസ്‌ട്രി റിസർച്ച്‌ ആൻഡ്‌ എഡ്യൂക്കേഷന്‌ കീഴിൽ ഡെറാഡൂൺ, ഐസ്വാൾ, ജോധ്‌പുർ, അഗർത്തല, ചിന്തവര (മധ്യപ്രദേശ്‌), പ്രയാഗ്‌രാജ്‌, സിംല, ഹൈദരാബാദ്‌, റാഞ്ചി, ബംഗളൂരു, ജോർഹട്ട്‌, ജബൽപുർ എന്നിവിടങ്ങളിലാണ്‌ മറ്റ്‌ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്‌.

ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർ, സ്ഥാനക്കയറ്റം ലഭിച്ച ഡെപ്യൂട്ടി റേഞ്ചർമാർ, റേഞ്ചർമാർ, ഡ്രൈവർമാർ എന്നിവർക്കുള്ള പരിശീലനവും മറ്റ്‌ ജീവനക്കാർക്കുള്ള റിഫ്രഷ്‌മെന്റ്‌ ക്ലാസുകളുമാണ്‌ അരിപ്പ, വാളയാർ എന്നിവിടങ്ങളിലെ സംസ്ഥാന വനപരിപാല കേന്ദ്രത്തിൽ നടക്കുന്നത്‌. നേരിട്ട്‌ തെരഞ്ഞെടുക്കുന്ന റേഞ്ചർമാർക്ക്‌ പരിശീലനത്തിന്‌ ഇതര സംസ്ഥാനങ്ങളിലേക്ക്‌ പോകണം. പല വിഭാഗങ്ങളിലായി ഒരുവർഷം നീളുന്നതാണ്‌ പരിശീലനം. കേരളത്തിൽ ആരംഭിക്കുന്ന റേഞ്ചർമാർക്കുള്ള കേന്ദ്രത്തിൽ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വരും. ഐ.എഫ്‌.എസ്‌ കേഡർ ഉദ്യോഗസ്ഥർക്ക്‌ ഡെറാഡൂണിലാണ്‌ പരിശീലനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!