ആരോഗ്യത്തിലേക്കുള്ള വഴിയുമായി കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി

കണ്ണൂർ : ആരോഗ്യകരമായ ജീവിതത്തിലേക്ക് അനേകം തലമുറകളെ കൈപിടിച്ച് നടത്തിയ പാരമ്പര്യമാണ് താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയുടേത്. ആയുർവേദ ചികിത്സയുടെ പ്രചാരം വർധിക്കുന്ന കാലത്ത് ചികിത്സയുടെ ഗുണമേന്മയും ഫലപ്രാപ്‌തിയും ഉറപ്പാക്കുന്ന ഈ ആതുരാലയത്തെ ജനങ്ങൾ ചേർത്തുനിർത്തുന്നു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിലും ചികിത്സാസംവിധാനങ്ങളിലും വലിയ മാറ്റങ്ങൾക്കാണ് എൽഡിഎഫ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. കാലം ആവശ്യപ്പെടുന്ന ചികിത്സാ വിഭാഗങ്ങൾകൂടി ഉൾപ്പെടുത്തി ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്കുയരുകയാണ്.
ഇവിടം ആശ്വാസകേന്ദ്രം
പക്ഷാഘാതം ബാധിച്ചവർക്കുള്ള പുനർനവ ക്ലിനിക്കിലും അമ്മമാരാകാൻ തയ്യാറെടുക്കുന്നവർക്കുള്ള പ്രസൂതിതന്ത്ര ക്ലിനിക്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ചികിത്സയ്‌ക്കെത്തുന്നത്. പൈൽസ്, ഫിസ്‌റ്റുല, വെരിക്കോസ് വെയിൻ ചികിത്സകൾക്കായി മിനി ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള സൗകര്യം, കോസ്‌മെറ്റിക് ക്ലിനിക്, സ്‌പോർട്‌സ് ഒ.പി, ഫിസിയോതെറാപ്പി എന്നിവയുമുണ്ട്. നേത്രരോഗം ഒ.പിയിൽ കുട്ടികൾക്കായി ‘മിഴി’ പദ്ധതിയും നടപ്പാക്കുന്നു. മർമ, പഞ്ചകർമ, സിദ്ധ, യോഗാ എന്നിവയ്‌ക്ക് പ്രത്യേക യൂണിറ്റുകളുണ്ട്. ജീവിതശെലിരോഗങ്ങളെ നേരത്തെ കണ്ടെത്താനുള്ള ക്ലിനിക്കും കഴിഞ്ഞയാഴ്‌ചമുതൽ തുടങ്ങി. ഒ.പി.കളിൽ എത്തുന്ന രോഗികളിൽ ജീവിതശൈലിരോഗ സാധ്യതകളുള്ളവർക്കാണ് ക്ലിനിക്കിന്റെ സേവനം.
സൗന്ദര്യവും സംരക്ഷിക്കാം
2016ലാണ് സംസ്ഥാനത്തെ ആദ്യ ആയുർവേദ കോസ്‌മെറ്റിക് ഒ.പി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തനമാരംഭിക്കുന്നത്. മുടികൊഴിച്ചിൽ, മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവയ്‌ക്ക് ചികിത്സ തേടി കൗമാരക്കാരടക്കം നിരവധി പേരാണ് ഒ.പി.യിലെത്തുന്നത്. നോർമൽ ഫേഷ്യൽ, ഫ്രൂട്ട് ഫേഷ്യൽ, വെജ് ഫേഷ്യൽ, ഗാൽവാനിക് ഫേഷ്യൽ, വെജ്‌പീൽ ഫേഷ്യൽ, ഹെന്ന, ഹെയർ സ്‌പാ, ഹൈ ഫ്രീക്വൻസി ട്രീറ്റ്‌മെന്റ് എന്നിവ ഒ.പിയിലുണ്ട്. മുടി കൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനുമുള്ള പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്‌മ ട്രീറ്റ്‌മെന്റിനും (പി.ആർ.പി) നല്ല തിരക്കാണ്.
തുടങ്ങുന്നു ആധുനികവൽക്കരണം
അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവൽക്കരണത്തിനുമായി ആധുനികവൽക്കരണ പ്രവൃത്തികൾ ആശുപത്രിയിൽ ഉടൻ തുടങ്ങും. പഴക്കമുള്ള കെട്ടിടങ്ങളും ശുചിമുറികളും നവീകരിക്കുകയാണ് ലക്ഷ്യം. ജനറൽ ഫീ മെയിൽ വാർഡ്, പേ വാർഡ് മുറികൾ എന്നിവയാണ് പ്രധാനമായും നവീകരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൊതുനന്മാ ഫണ്ടിൽനിന്നാണ് 65 ലക്ഷം രൂപ ആശുപത്രി നവീകരണത്തിനായി അനുവദിച്ചത്. ഒന്നരവർഷം മുമ്പ് ഒ.പി നവീകരിച്ചു. ദേശീയ ആയുഷ് മിഷന്റെ 20 ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷവും ഇതിനായി ചെലവഴിച്ചു. രജിസ്‌ട്രേഷൻ സൗകര്യം, ഫ്രണ്ട് ഓഫീസ്, ഇരിപ്പിടങ്ങൾ എന്നിവയാണ് സജ്ജീകരിച്ചത്.