ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് തീർത്ഥാടന പാക്കേജുമായി ട്രാവൽസുകൾ

കണ്ണൂർ: ‘ഉമ്മൻചാണ്ടി സാറിന്റെ കല്ലറയിലേക്കൊരു യാത്ര’ ടൂർസ് ആൻഡ് ട്രാവൽസ് ഉടമകളുടെ ലിസ്റ്റിൽ പുതിയ തീർത്ഥാടന പാക്കേജ്. മലബാറിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിലവിൽ ടൂർ പാക്കേജുകൾ ആരംഭിച്ചിട്ടുണ്ട്. ഫ്രഷ് ആകാനുള്ള സൗകര്യത്തിനുള്ള അധിക ചാർജിന് പുറമേ 1200 മുതൽ 1800 വരെയാണ് ചാർജ്.
മടക്കയാത്രയിൽ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻ സൗകര്യമെന്ന് പ്രത്യേക പരസ്യം വരെ നൽകിയാണ് ജനങ്ങളെ ആകർഷിക്കുന്നത്.ഇതിനകം മൂന്ന് ബസിലേക്കുള്ള ആൾക്കാർ ബുക്ക് ചെയ്തു കഴിഞ്ഞുവെന്ന് ഇരിട്ടി ഇമ്മാനുവൽ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ബിജു കല്ലുവയൽ പറഞ്ഞു.
ആഗസ്റ്റ് 18ന് വൈകുന്നേരം 7 മണിക്ക് പുറപ്പെട്ട് 20ന് രാവിലെ തിരിച്ചെത്തുന്ന വിധത്തിലും സെപ്തംബർ ഒന്നിന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് മൂന്നാം തീയതി രാവിലെ തിരിച്ചെത്തുന്ന വിധത്തിലുമാണ് ഇമ്മാനുവൽ ട്രാവൽസിന്റെ തീർത്ഥാടക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
എ.സി.ബസുകളിലാണ് കണ്ണൂർ -കാസർകോട് ജില്ലകളിലെ ട്രാവൽസ് ഏജൻസികൾ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് കണ്ടതോടെയാണ് ഇത്തരത്തിലുള്ള നീക്കവുമായി സംരംഭകർ എത്തിയത്.
ആതിരപ്പള്ളി സ്‌പെഷൽ ഓഫറുമായി പുറത്തിറക്കിയ ടൂറിസം പാക്കേജിന്റെ പരസ്യം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ.