വിവാഹ പാർട്ടിയെത്തുടർന്ന് യാത്രക്കാർ പെരുവഴിയിലായത് മണിക്കൂറുകൾ

കണ്ണൂർ : മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വിവാഹ പാർട്ടിയെത്തുടർന്ന് യാത്രക്കാർ പെരുവഴിയിലായത് മണിക്കൂറുകൾ. ശനിയാഴ്ച വൈകുന്നേരം വാരംമുതൽ താണവരെ രൂക്ഷമായ ഗതഗാതക്കുരുക്കായിരുന്നു അനുഭവപ്പെട്ടത്.
വേണ്ടത്ര വാഹന പാർക്കിങ് സൗകര്യം ഒരുക്കാത്തതിനാലാണ് കുരുക്ക് റോഡിലേക്ക് നീണ്ടത് അന്തസ്സംസ്ഥാന പാതയായതിനാൽ ഒട്ടേറെ ചരക്ക് വാഹനങ്ങളും വഴിയിലായി. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങേണ്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് വലഞ്ഞു.
ആംബുലൻസിനുപോലും കണ്ണൂർ ഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ടൗൺ, ട്രാഫിക് പൊലീസ് യൂനിറ്റുകൾ എത്തി കുരുക്കഴിക്കാൻ ശ്രമിച്ചെങ്കിലും രാത്രി വൈകിയാണ് കുരുക്കഴിച്ചത്.
നഗരത്തിലും രാത്രി ഏഴുമുതൽ 8.30 വരെ രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു.കണ്ണൂർ-അഴീക്കോട് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സ്വാമി മഠം റോഡ് മുതൽ പഴയ ബസ്‌സ്റ്റാൻഡ് വരെയും ഏറെനേരം ഗതാഗത തടസ്സം ഉണ്ടായി.