കള്ളുചെത്തിലെ തോട്ടംകടവ് മാതൃക

പയ്യന്നൂർ: ചെത്തുകാരെ കിട്ടാതെ കള്ളുവ്യവസായം പ്രതിസന്ധി നേരിടുന്ന കാലത്ത് പയ്യന്നൂർ കാനായി തോട്ടംകടവിലെ ഒരു കൂട്ടം യുവാക്കൾ കള്ളുചെത്ത് ഉപജീവനമാർഗമാക്കുകയാണ്. പി. പി സൈജൂഷ് (43), എം. അനീഷ് (42), ഇരുട്ടൻ രാമചന്ദ്രൻ (48), അനുജൻ പ്രകാശൻ, ടി. കെ രതീഷ് (38), തുരുത്തിപ്പള്ളി കുഞ്ഞിരാമൻ (59) എന്നിവരാണ് തോട്ടംകടവിലെ ചെത്തുകാർ.
കാലാവസ്ഥാ വ്യതിയാനത്താൽ ഉൽപാദനം കുറഞ്ഞതും തൊഴിൽപരമായ മറ്റു പ്രയാസങ്ങളും കാരണം പലരും ഈ മേഖല വിട്ടൊഴിയുമ്പോൾ ഈ യുവാക്കൾ പരമ്പരാഗതമായി സ്വീകരിച്ച തൊഴിലുമായി മുന്നോട്ടുതന്നെയാണ്.
കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ട ചെത്തുകാരനാണ് സൈജൂഷ്.
അച്ഛൻ പരേതരായ പുളുക്കൂൽ കരുണാകരൻ, അദ്ദേഹത്തിന്റെ അച്ഛൻ മൂലക്കാരൻ കുഞ്ഞപ്പൻ എന്നിവരും ഈ തൊഴിൽ ജീവനോപാധിയായി സ്വീകരിച്ചവരായിരുന്നു. കഴിഞ്ഞ 23 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നതോടൊപ്പം പച്ചക്കറി കൃഷിയും പശു പരിപാലനവും ചെയ്‌തുവരുന്നു.
ചെത്തു തൊഴിലാളി യൂണിയൻ (സിഐടിയു) പയ്യന്നൂർ റേഞ്ച് കമ്മിറ്റിയംഗവുമാണ്.
നാടക പ്രവർത്തകനും രാഷ്‌ട്രീയ പ്രവർത്തകനുമായ എം. അനീഷ് കഴിഞ്ഞ 20 വർഷമായി ചെത്ത് തൊഴിൽ ചെയ്‌തുവരുന്നു.
അച്ഛൻ കുളങ്ങര ഭാസ്‌കരനാണ് ഈ തൊഴിൽ പരിശീലിപ്പിച്ചത്. ഇരുട്ടൻ രാമചന്ദ്രന്റെയും സഹോദരൻ പ്രകാശന്റെയും ഗുരു അച്ഛൻ എ വി കുഞ്ഞിക്കണ്ണനാണ്. ടി കെ രതീഷിന് അച്ഛൻ കുഞ്ഞമ്പുവാണ് പരിശീലകൻ. 25 വർഷത്തിലധികമായി തൊഴിലെടുക്കുന്ന തുരുത്തിപ്പള്ളി കുഞ്ഞിരാമനാണ് കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയയാൾ.
കാലാവസ്ഥാ വ്യതിയാനം ഇന്ന് കള്ള് ഉൽപാദനത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നാണ് ഇവരുടെ അഭിപ്രായം. പഴയതുപോലെ നല്ല തെങ്ങുകൾ കിട്ടാനില്ല. കള്ള് കിട്ടുന്ന തെങ്ങുകളും കുറഞ്ഞുവരുന്നു. പുതുതായി ആരും മേഖലയിലേക്ക് വരാത്തതിനാൽ പകരക്കാരും ഉണ്ടാകുന്നില്ല. സംസ്ഥാന സർക്കാർ ടൂറിസത്തിന്റെ ഭാഗമായി കള്ള് ഉൽപാദനത്തിന് പരിഗണന നൽകാൻ തീരുമാനിച്ചത് നല്ല കാര്യമെന്നാണ് ഈ യുവാക്കളുടെ അഭിപ്രായം.