പഴയങ്ങാടിയിൽ ഏറനാടിന് സ്റ്റോപ്പ്: യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പച്ചക്കൊടി

പഴയങ്ങാടി: വരുമാനം ഒരു കോടി രൂപയിലേറെയുണ്ടെങ്കിലും വികസനം എത്തി നോക്കാത്ത പഴയങ്ങാടി റെയിൽവേ സ്റ്റേഷന് അല്പം ആശ്വാസം.
യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് മംഗളൂരു സെൻട്രൽ – നാഗർകോവിൽ ഏറനാട് എക്സ് പ്രസ് ട്രെയിനിന് പഴയങ്ങാടിയിൽ സ്റ്റോപ്പ് അനുവദിച്ചു.
മംഗളൂരു സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ ഏറനാട് എക്സ്പ്രസ് (16605) 15 മുതൽ രാവിലെ 9.10നും നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് പ്രതിദിന എക്സ്പ്രസ് (16606) 15 മുതൽ പകൽ 2.37നും പഴയങ്ങാടി സ്റ്റേഷനിൽ നിർത്തും.
2005 മുതൽ ദിർഘദൂര ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി എല്ലാ റെയിൽവേ മന്ത്രിമാർക്കും മാറി മാറി വരുന്ന എം.പിമാർക്കും മറ്റ് അധികൃതർക്കും പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനങ്ങൾ നൽകിയിരുന്നു.
പഴയങ്ങാടിയിൽ നിന്നുള്ള ടിക്കറ്റ് വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെയും കണക്ക് നിരത്തി ക്കൊണ്ടായിരുന്നു എല്ലാ നിവേദനങ്ങളും നൽകിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് കമ്മിറ്റി അംഗങ്ങളോടൊപ്പം പഴയങ്ങാടി സ്റ്റേഷൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ നേരിട്ട് കണ്ട് പ്രശ്നം ബോധ്യപ്പെടുത്തിയിരുന്നു.
രാജ് മോഹൻ ഉണ്ണിത്താൻ എം.പിയെയും കണ്ട് നിവേദനങ്ങൾ നൽകിയിരുന്നു. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ഇപ്പോൾ റെയിൽവേ ബോർഡ് കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് നൽകിയ നിർദേശ പ്രകാരം ചില ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചതിനൊപ്പം പഴയങ്ങാടിയെയും പരിഗണിച്ചത്.
15ന് രാവിലെ പഴയങ്ങാടിയിൽ എത്തുന്ന ഏറനാട് എക്സ്പ്രസിന് വൻ സ്വീകരണമൊരുക്കാനാണ് പാസഞ്ചേഴ്സ് അസോസിയേഷൻ തീരുമാനം.
സ്വാതന്ത്ര്യദിനത്തിൽ
ഓണസമ്മാനം!
ദീർഘദൂര പ്രധാന ട്രെയിനുകൾക്ക് പഴയങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം നേരത്തെ മുതൽ ഉയർത്തുന്നതാണ്. സ്വാതന്ത്ര്യദിനത്തിൽ പഴയങ്ങാടിയിലെ യാത്രക്കാർക്ക് ഓണസമ്മാനമായി ഏറനാട് എക്സ് പ്രസിന്റെ സ്റ്റോപ്പ്.
കഴിഞ്ഞ 18 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന സുദീർഘമായ കഠിനപ്രയത്നത്തിന്റെ ഫലമായാണ് ഇപ്പോൾ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.