പുതുപ്പള്ളിയിൽ ജെയ്‌ക്ക് സി. തോമസ് എൽ.ഡി.എഫ് സ്ഥാനാർഥി; രാഷ്ട്രീയ പോരാട്ടമെന്ന് എം.വി. ഗോവിന്ദൻ
കോട്ടയം: പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക്ക് സി. തോമസിനെ പ്രഖ്യാപിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ വികസനപ്രവർത്തനങ്ങളേയും സംഘടിതമായി എതിർക്കുകയാണ്. ഒരുകാര്യവും കേരളത്തിൽ നടക്കാൻ പാടില്ല. കാരണം, കേരളത്തിൽ വികസന പ്രവർത്തനത്തിന് വോട്ട് ഉണ്ട് എന്ന് മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്.
വികസനപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല എന്ന് അജണ്ട വെച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമായിരുന്നു ഇത്. കെ. റെയിലിന്റെ കാര്യത്തിൽ, ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ, കെ ഫോൺ പദ്ധതി, തുടങ്ങി പല പദ്ധതികളും അംഗീകരിക്കാൻ കൂട്ടാക്കാതെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ജനങ്ങൾ അംഗീകരിച്ചില്ല. – എം.വി. ഗോവിന്ദൻ പറഞ്ഞു.
കോട്ടയം മണർകാട് സ്വദേശിയായ ജെയ്‌ക്ക് എസ്.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. നിലവിൽ ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമാണ്. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അണ്ണാമലൈ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം. യുവജനക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 33-കാരനായ ജെയ്‌ക്കിന് പുതുപ്പള്ളിയിൽ ഇത് മൂന്നാമങ്കമാണ്.
2016-ലാണ് ജെയ്‌ക്ക് പുതുപ്പള്ളിയിൽ കന്നിമത്സരത്തിനിറങ്ങിയത്. അന്ന് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 27,092 വോട്ടായിരുന്നു. 2021-ൽ ഉമ്മൻചാണ്ടിയും ജെയ്‌ക്കുമായുള്ള ദൂരം കുറഞ്ഞിരുന്നു. 9044 വോട്ടിന്റെ വ്യത്യാസത്തിനാണ് ഉമ്മൻചാണ്ടി ജയിച്ചത്.