വിളയില്‍ ഫസീല അന്തരിച്ചു

Share our post

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം.

മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. വിളയില്‍ വത്സലയായിരുന്ന ഇവര്‍ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര്‍ സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ വിഎം കുട്ടിയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്.

എംഎസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല ആദ്യമായി പാടിയത്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി ടി അബ്ദുറഹ്‌മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമായിരുന്നു അത്.

ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്‌മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമീന്ന, മക്കത്ത് പോണോരെ എന്നീ പ്രശസ്തമായ ഗാനങ്ങള്‍ ഫസീല പാടിയതാണ്.

കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!