ഇരിട്ടി പുഴത്തീരത്ത് മനോഹര ഇടമായി; ‘ഗ്രീൻലീഫ് പാർക്ക് ഉദ്ഘാടനം നാളെ

Share our post

ഇരിട്ടി: ഇരിട്ടി പാലത്തിനു സമീപം പുഴയുടെയും പാലത്തിന്റെയും മനോഹര കാഴ്ചകൾ നുകരാൻ അവസരം ഒരുക്കി പരിസ്ഥിതിക്കു പച്ച വിരിയിച്ചു ഗ്രീൻലീഫ് അഗ്രി ഹോർട്ടികൾചർ സൊസൈറ്റി പായം പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരുക്കിയ ഗ്രീൻലീഫ് പാർക്ക് നാളെ 10 ന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിക്കും. ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത മുഖ്യാതിഥിയാകും. പൊതുനിരത്തുകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾക്കു സമീപവും ആയി 500 ഓളം മരങ്ങൾ നട്ടുപരിപാലിക്കുന്ന എൻ.മുഹമ്മദിനെ ഇരിട്ടി എ.എസ്പി തപോഷ് ബസുമതാരിയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജില്ലാതല പുരസ്കാരം നേടിയ വള്ളിത്തോട് ഒരുമ റസ്‌ക്യൂ ടീമിനെയും പാർക്ക് രൂപകൽപന നടത്തിയ പി.പി.രജീഷിനെ ഹരിതകേരളം മിഷൻ കണ്ണൂർ കോഓർഡിനേറ്റർ ഇ.കെ.സോമശേഖരനും ആദരിക്കും.

തലശ്ശേരി – വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി നിർമിച്ച ഇരിട്ടി പുതിയ പാലം പരിസരത്തെ ചെരിവിൽ മാലിന്യ കൂമ്പാരമായി കിടന്നിരുന്ന സ്ഥലത്ത് 10 ലക്ഷത്തോളം രൂപ ചെലവിലാണ് പാർക്ക് നിർമിച്ചത്.

ചെടികളും ഇരിപ്പിടങ്ങളും ഊഞ്ഞാലും ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ഗ്രീൻലീഫ് ജോയിന്റ് സെക്രട്ടറിയും പിഡബ്ല്യുഡി കരാറുകാരനുമായ പി.പി.രജീഷാണ് കുറഞ്ഞ സ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിയുള്ള പാർക്ക് നിർമിച്ചത്.പാലം നിർമാണത്തിനായി കെട്ടി ഉയർത്തിയ മൺതിട്ടയിൽ പച്ചപ്പുല്ല് വിരിച്ചു മോടിപിടിപ്പിച്ചു ശേഷം ഇടവിട്ട് പൂച്ചെടികളും വച്ചുപിടിപ്പിച്ചു.

ഏത് സമയത്തും കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പാർക്കിൽ എത്താവുന്നതാണെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും നാടിന്റെ ഹരിത നന്മ കൂട്ടായ്മയായി പ്രവർത്തനത്തിന്റെ 13–ാം വാർഷികത്തിന്റെ ഭാഗമായാണ് പൊതുസമൂഹത്തിനു പാർക്ക് നിർമിച്ചു നൽകുന്നതെന്നും ഗ്രീൻലീഫ് സെക്രട്ടറി പി.അശോകൻ, വൈസ് ചെയർമാൻ സി.ബാബു, ട്രഷറർ ജുബി പാറ്റാനി, നിർവാഹകസമിതി അംഗങ്ങളായ കെ.സി. ജോസ്, എൻ.ജെ.ജോഷി എന്നിവർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!