ഗൾഫിലേക്ക് ഓണത്തിനായി വാഴയിലകൾ മുതൽ പൂക്കൾ വരെ; കണ്ണൂർ വിമാനത്താവളം വഴി ഉൽപന്നങ്ങൾ കടൽ കടക്കും

Share our post

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിനും വടക്കേ മലബാറിന്റെ വാണിജ്യ വളർച്ചയ്ക്കും പ്രതീക്ഷ പകർന്നു ചരക്കു നീക്കത്തിനു മാത്രമായി പ്രത്യേക വിമാന സർവീസുകൾ തുടങ്ങുന്നു. കൊച്ചി ആസ്ഥാനമായുള്ള ദ്രാവിഡൻ ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണു കണ്ണൂരിൽ നിന്ന് എയർ കാർഗോ ഫ്രൈറ്റർ സർവീസ് നടത്തുക.

17നു വൈകിട്ട് ഷാർജയിലേക്കാണ് ആദ്യ വിമാനം. 18 ടൺ ചരക്ക് കൊണ്ടുപോകാൻ കഴിയുന്ന ബോയിങ് 737–700 വിമാനമാണു സർവീസിന് ഉപയോഗിക്കുക. 18നു രാത്രി 9നു ദോഹയിലേക്കും സർവീസ് ഉണ്ടാകും.

ഗൾഫ് നാടുകളിലുള്ളവർക്ക് ഓണം ആഘോഷിക്കുന്നതിന് ആവശ്യമായ പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, വാഴയിലകൾ തുടങ്ങിയവയുമായി 23 മുതൽ 27 വരെ തുടർച്ചയായി 5 ദിവസം കണ്ണൂരിൽ നിന്നു ചരക്കു വിമാനങ്ങൾ പറക്കും.

കണ്ണൂർ ഇന്റർനാഷനൽ ഫ്രൈറ്റ് ഫോർവേഡിങ് ആൻഡ് ലോജിസ്റ്റിക് കമ്പനിയാണു(കിഫാൽ) കണ്ണൂരിൽ സേവനങ്ങൾ ഏകോപിപ്പിക്കുന്നത്. വടക്കേ മലബാറിൽ നിന്നുള്ള കൃഷി ഉൽപന്നങ്ങൾ, മത്സ്യം, പാൽ, പാൽ ഉൽപന്നങ്ങൾ, തേൻ, മാംസം, ഞണ്ട്, പരമ്പരാഗത വ്യവസായ മേഖലയിലെ ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വിദേശ വിപണി ലഭിക്കാൻ ചരക്കു വിമാനങ്ങൾ സഹായിക്കുമെന്നു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, ഓണററി സെക്രട്ടറി സി.അനിൽ കുമാർ, ഡയറക്ടർ സഞ്ജയ് ആറാട്ടുപൂവാടൻ എന്നിവർ പറഞ്ഞു.

കൈത്തറി, ഖാദി, കരകൗശല ഉൽപന്നങ്ങൾ, വെങ്കല ഉൽപന്നങ്ങൾ, മൺപാത്രങ്ങൾ, മുള ഉൽപന്നങ്ങൾ, പായ തുടങ്ങിയവയെല്ലാം കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്നു. നിലവിൽ യാത്രാ വിമാനങ്ങളിലാണു കണ്ണൂരിൽ നിന്നുള്ള ചരക്കു നീക്കം നടക്കുന്നത്.

പരിമിതമായ സാധനങ്ങൾ മാത്രമേ കൊണ്ടുപോകാൻ കഴിയുന്നുള്ളൂ. പ്രതിമാസം 12 ടണ്ണോളം ഉൽപന്നങ്ങൾ കയറ്റി അയയ്ക്കാൻ കഴിയാതെ തിരിച്ചയയ്ക്കേണ്ട സ്ഥിതിയായിരുന്നു. കാർഗോ വിമാനങ്ങളുടെ വരവോടെ കണ്ണൂരിലെ കാർഗോ കോംപ്ലക്സിന്റെ സൗകര്യങ്ങൾ പൂർണതോതിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നു കിയാൽ കാർഗോ ഹെഡ് ടി.ടി.സന്തോഷ് കുമാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!