യുവതിയെ ശല്യം ചെയ്തത് ചോദിക്കാനെത്തി : മൂന്ന്‌ ഇരിട്ടി സ്വദേശികൾക്ക് വടകരയിൽ കുത്തേറ്റു

Share our post

വടകര : യുവതിക്ക് വാട്‌സാപ്പിൽ മോശം സന്ദേശം അയച്ചത് ചോദിക്കാനെത്തിയ ഇരിട്ടി സ്വദേശികളായ മൂന്നുപേർക്ക് വടകരയിൽ കുത്തേറ്റു. സംഭവത്തിൽ വടകര പുറങ്കരയിലെ അർഷാദ് (32) അറസ്റ്റിലായി. ഇരിട്ടി ഉളിയിൽ ഷിജാസ് (23), നടുവനാട് സിറാജ് (23), നടുവനാട് ഷിഹാബ് (23) എന്നിവർക്കാണ് കുത്തേറ്റത്.

സാരമായി പരിക്കേറ്റ മൂവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വയറിന് കുത്തേറ്റ ഷിഹാബിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷിജാസിന് കൈക്കും സിറാജിന് വയറിനുമാണ് കുത്തേറ്റത്.

ചൊവ്വാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. ഇരിട്ടി സ്വദേശിയായ ഷഹനാദിന്റെ ബന്ധുവായ യുവതിക്ക് അർഷാദ് മോശം സന്ദേശങ്ങളയച്ചെന്നും ഫോണിൽവിളിച്ച് ശല്യം ചെയ്തെന്നുമാണ് പരാതി. ഇത് ചോദിക്കാനാണ് ഷഹനാദിന്റെ നേതൃത്വത്തിൽ ആറംഗസംഘം കാറിൽ രാത്രി വീട്ടിലെത്തിയത്.

അർഷാദിനെ ഇവർ വിളിച്ചെങ്കിലും വീടിന്റെ വാതിൽ തുറക്കാത്തതിനാൽ വാതിൽ ചവിട്ടിത്തുറന്നു. പിന്നീട് നടന്ന സംഘർഷത്തിനിടെയാണ് ആറംഗസംഘത്തിലെ മൂന്നുപേർക്ക് കുത്തേറ്റത്.

അർഷാദിന്റെ കൈക്കും ചെറിയ പരിക്കുണ്ട്. ചികിത്സയ്ക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഇൻസ്പെക്ടർ പി.എം. മനോജ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി മൂന്നുപേരുടെയും മൊഴിയെടുത്തു. രാത്രിയോടെ അറസ്റ്റും രേഖപ്പെടുത്തി. വധശ്രമത്തിനാണ് കേസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!