യു.എം.സിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ

Share our post

പേരാവൂർ: കെട്ടിട ഉടമകൾ അമിത വാടക ഈടാക്കുന്നുവെന്ന പേരാവൂർ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. ടൗണിലെ വിവിധ ഭാഗങ്ങളിൽ വ്യാപാരത്തിന്റെ തോതനുസരിച്ച് വ്യത്യസ്ത വാടക നിലവിലുണ്ട്. എന്നാൽ, ചില വ്യാപാരികൾ ഉടമകളിൽ നിന്ന് മിതമായ വാടകക്ക് റൂം കൈവശപ്പെടുത്തിയ ശേഷം അമിത വാടക വാങ്ങി ദിവസ വാടകക്ക് മറിച്ചു നല്കുന്നുണ്ട്. ഇതിന്റെ ഉത്തരവാദിത്വം കെട്ടിട ഉടമകളുടെ തലയിൽ കെട്ടിവെക്കരുതെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

അവകാശികളാർക്കെങ്കിലും കടമുറി ആവശ്യമായി വരുന്ന ഘട്ടത്തിൽ ലക്ഷങ്ങളാണ് മുറി ഒഴിയാൻ വ്യാപാരികൾ തങ്ങളോട് ആവശ്യപ്പെടുന്നത്. ലോണെടുത്തും മറ്റും നിർമിച്ച കെട്ടിടമുറികൾക്ക് മാസങ്ങളായി വാടക ലഭിക്കാത്ത സാഹചര്യവുമുണ്ട്. വസ്തുത ഇതായിരിക്കെ, കെട്ടിട ഉടമകൾക്കെതിരെ വ്യാജ ആരോപണങ്ങളാണ് ചേംബർ നടത്തിയത്. ദിവസ വാടക സമ്പ്രദായത്തെ ഒരു കെട്ടിട ഉടമയും അംഗീകരിക്കുന്നില്ല. എന്നാൽ, മാസ വാടക ദിവസവും ബാങ്ക് ഏജന്റുമാർ മുഖേന ചില വ്യാപാരികൾ നല്കുന്നുണ്ട്. ഇതിനെ ദിവസ വാടകയാക്കി ചേംബർ ചിത്രീകരിക്കുകയാണ്.

അമിത വാടകക്ക് മുറികൾ മറിച്ചുനല്കുന്ന വ്യാപാരികൾക്കെതിരെ നടപടിയെടുക്കാൻ വ്യാപാരസംഘടനകൾ തയ്യാറാവണം. വാടക വർദ്ധനവ് സർക്കാർ നിഷ്‌കർഷിക്കുന്നതിലധികം വാങ്ങുന്നില്ലെനും അമിതമായ വർദ്ധനവ് അംഗീകരിക്കുന്നില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ ബിൽഡിങ്ങ് ഓണേഴ്‌സ് വെൽഫയർ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എസ്.എം.കെ. മുഹമ്മദലി, സെക്രട്ടറി ബേബി സുരേഷ്, വൈസ്.പ്രസിഡന്റ് അരിപ്പയിൽ മജീദ്, ഖജാഞ്ചി ഒ.ജെ.ജോഷി എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!