കുറ്റവാളികൾ എത്ര ഉന്നതരായാലും രക്ഷപ്പെടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം : കുറ്റകൃത്യം ചെയ്യുന്നവർ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ പൊലീസിന് കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പൊലീസ് രാജ്യത്തിന് മാതൃകയാണ്. കൃത്യമായ ക്രമസമാധാനപാലന ശേഷി, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും കണ്ടെത്തി തടയുന്നതിലുള്ള ആർജവം എന്നിവയെല്ലാം പ്രത്യേകതകളാണ്. തെളിയിക്കപ്പെടില്ലെന്ന് കരുതിയ പല കേസുകളും തെളിയിച്ചു. കുട്ടനാട് എം.എൽ.എയ്‌ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും ക്രമസമാധാനം തകർന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ അവതരണ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഡ്രൈവറെ സ്വാധീനിച്ച് റജി ചെറിയാൻ എന്നയാൾ അപായപ്പെടുത്തുവാനും കള്ളക്കേസിൽ കുടുക്കാനും പദ്ധതിയിട്ടിരുന്നതായി കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിന്റെ പരാതി പൊലീസ് മേധാവിക്ക് ലഭിച്ചു. അതിൽ അമ്പലപ്പുഴ ഡി.വൈ.എസ്.പി തുടർനടപടികൾ സ്വീകരിക്കുന്നു. മുമ്പ് എം.എൽ.എ നൽകിയ പരാതി അന്വേഷിച്ച് നിയമനടപടികളെടുക്കാനും സുരക്ഷയൊരുക്കാനും പൊലീസ് നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.