ലൈസന്‍സ് പോലുമില്ല, വാടക വാഹനങ്ങള്‍ സുലഭം; നടപടി സ്വീകരിക്കാനും പരിമിതി

Share our post

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ലംഘിച്ച്, കാറുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത വാടക വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നു. ക്വട്ടേഷന്‍ സംഘങ്ങളും ലഹരി-സ്വര്‍ണക്കടത്ത് സംഘങ്ങളും ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള വാഹനങ്ങളാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍, നിലവിലുള്ള നിയമപ്രകാരം ഇത്തരം വാഹനങ്ങള്‍ പിടികൂടിയാലും ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ പരിമിതികളുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

50 വാഹനങ്ങളും അഞ്ച് ജില്ലകളില്‍ ഓഫീസുമുള്ള അംഗീകൃതസ്ഥാപനങ്ങള്‍ക്ക് മാത്രമേ വാഹനങ്ങള്‍ വാടകകയ്ക്ക് നല്‍കാന്‍ അനുമതിയുള്ളൂ. ഇന്ന് സംസ്ഥാനത്ത് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം.2019-നുശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കറുപ്പ് പശ്ചാത്തലത്തില്‍ മഞ്ഞനിറം കൊണ്ട് എഴുതിയതുമാകണം.

എന്നാല്‍, 2019-നുമുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ എന്നുമുതല്‍ ഇത്തരം നമ്പര്‍ പ്ലേറ്റുകളിലേക്ക് മാറണമെന്നത് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ കാലതാമസമടക്കം മുതലെടുത്താണ് സ്വകാര്യവ്യക്തികള്‍ തങ്ങളുടെ കൈവശമുള്ള ഏകവാഹനം ഉള്‍പ്പെടെ വാടകയ്ക്ക് നല്‍കി പണം കൈപ്പറ്റുന്നത്. കേസുമായി ബന്ധപ്പെട്ട് വാഹന ഉടമകളിലേക്ക് അന്വേഷണം നീളുമ്പോഴാണ് വാഹനം വാടകയ്ക്ക് നല്‍കിയതാണെന്ന് അന്വേഷണംസംഘം അറിയുക.

ഈ വാഹനം, കേസില്‍ അറസ്റ്റിലായതോ വാഹനം വാടകയ്‌ക്കെടുത്തതോ ആയ വ്യക്തിക്ക് നിശ്ചിതദിവസം മുമ്പ് വിറ്റതാണെന്ന വ്യാജ വാഹനവില്‍പ്പന ഉടമ്പടി തയ്യാറാക്കി വാഹന ഉടമ തടിയൂരുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ അന്വേഷണം വഴിമുട്ടും. വര്‍ഷത്തില്‍ വലിയ തുക ഇന്‍ഷുറും ടാക്‌സും അടച്ച് നിരത്തിലിറങ്ങുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് ഇത്തരം വാഹനങ്ങളും സ്ഥാപനങ്ങളും വരുത്തിവെക്കുന്ന നഷ്ടം ചെറുതല്ല. ടാക്‌സി വാഹനങ്ങള്‍ക്ക് ലഭിക്കേണ്ട ഓട്ടമാണ് അനധികൃത വാടക വാഹനങ്ങള്‍ കൊണ്ടുപോകുന്നതെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!