വഴിയോരങ്ങളിൽ പച്ചപ്പിന്റെ മേലാപ്പൊരുക്കി ‘നന്മ മരം’ മുഹമ്മദ്

ഇരിട്ടി : ചാവശ്ശേരി സ്വദേശി മട്ടമ്മൽ ഹൗസിലെ എൻ.മുഹമ്മദിന്റെ കലണ്ടറിൽ എല്ലാ ദിവസവും പരിസ്ഥിതി ദിനമാണ്. പാതയോരങ്ങൾക്കു പച്ചപ്പിന്റെ മേലാപ്പു ചാർത്തുകയാണ് ഈ അൻപത്തിയൊൻപതുകാരൻ. തലശ്ശേരി – വളവുപാറ സംസ്ഥാനാന്തര പാതയിലും മറ്റു പ്രധാന നിരത്തുകളിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾക്കും തണലേകുന്ന മരങ്ങൾ കാണുമ്പോൾ ഇവയ്ക്കു പിന്നിലെ ‘നന്മ മരം’ മുഹമ്മദ് ആണെന്ന് അറിയുന്നവർ ചുരുക്കം.
ഭാരവണ്ടിയുടെ വളയം പിടിച്ചാണു മുഹമ്മദിന്റെ ജീവിതം. രാജ്യമാകെ ഓടി തിരികെയെത്തുമ്പോൾ വരുമാനത്തിന്റെ പങ്കും അധ്വാനവും ഭൂമിക്കു പച്ചപ്പിന്റെ കുട തീർക്കാനാണ് ഈ മനുഷ്യൻ മാറ്റിവയ്ക്കുന്നത്.
കൂട്ടുപുഴ മുതൽ തലശ്ശേരി വരെയും തലശ്ശേരി മുതൽ കണ്ണൂർ വരെയും കണ്ണൂർ മുതൽ മട്ടന്നൂർ വരെയും പാതയോരങ്ങളിൽ ഏഴു വർഷം കൊണ്ട് മുഹമ്മദ് നട്ടത് അഞ്ഞൂറിലധികം മരങ്ങൾ.100 രൂപ മുതൽ 500 രൂപ വരെ നൽകിയാണു തൈകൾ വാങ്ങുന്നത്.
കുഴിയെടുത്ത് 3 ചാക്ക് മണലും വളവും ചേർത്തു നിലമൊരുക്കിയാണ് നടീൽ. വേനലാണെങ്കിൽ മൂന്നു ദിവസം നനയ്ക്കും. സംരക്ഷണത്തിനായി ആദ്യം റിങ്ങും കുറച്ചു വലുതാകുമ്പോൾ മരത്തിന്റെ കവചവും വയ്ക്കും. നന്നായി വളരുമ്പോൾ കവചം പൊട്ടിച്ചെടുക്കും. റിങ്ങിന് 300 രൂപ.
കവചം ഉണ്ടാക്കാൻ 500 രൂപയോളമാണു ചെലവ്.ഡ്രൈവർ ജോലിയെ ബാധിക്കാതിരിക്കാൻ പുലർച്ചെ 3 മുതൽ 5 വരെയാണു തൈ നടീലും സംരക്ഷണ ജോലികളും ചെയ്യുന്നത്. കമ്പിപ്പാരയും തൂമ്പയുമായി ‘അസമയത്ത്’ റോഡിൽക്കണ്ട് ഇരിട്ടി പൊലീസ് മുഹമ്മദിനെ പിടികൂടിയ സംഭവവുമുണ്ട്.
ഇരിട്ടി സ്റ്റേഷൻ പരിസരത്തു മരം നട്ട കാര്യം അറിയാവുന്നതു കൊണ്ടും എസ്ഐ അയൽവാസിയായതുകൊണ്ടും കേസായില്ല! ആൽ, അരയാൽ, കസ്കസ്, വേപ്പ്, മാവ്, കുടംപുളി, ആപ്പിൾ ചാമ്പ, ഞാവൽ, ബദാം എന്നീ മരങ്ങളാണു നടുന്നത്.
പടർന്നു പന്തലിക്കുന്ന കസ്കസാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ ഇരുവശങ്ങളിലും നടാറുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ വഴിയരികിൽ മരങ്ങൾ നേരത്തേ കണ്ടിരുന്നു. അതിനു കീഴിലാണ് നാഷനൽ പെർമിറ്റ് ലോറി ഡ്രൈവർമാരുടെ വിശ്രമം.
തലശ്ശേരി – വളവുപാറ റോഡ് വികസനത്തിനായി മരം മുറിക്കുന്നതു കണ്ടപ്പോൾ ഇവിടെയും പാതയോരങ്ങൾ ശൂന്യമാകുമെന്ന ചിന്തയാണ് മുഹമ്മദിനെ തൈ നടാൻ പ്രേരിപ്പിച്ചത്. നസീമയാണ് ഭാര്യ. ഷെമീന, സാജില, നസ്‍ലീന, നസിയത്ത്, മുഫസിൽ എന്നിവർ മക്കളാണ്.