സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ തീരുമാനം

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. ഇതിനുള്ള നിർദേശങ്ങളും നടപടിക്രമങ്ങളും തയ്യാറാക്കി സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെല്ലിനെ ചുമതലപ്പെടുത്തി. സ്വകാര്യ സർവകലാശാലകൾക്ക്‌ വഴിയൊരുക്കാൻ സി.പി.എം. രാഷ്ട്രീയതീരുമാനമെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ചാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നടപടി. ഈ വർഷംതന്നെ സ്വകാര്യ സർവകലാശാലാ ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം.

ഫീസ്, സംവരണം തുടങ്ങിയവ വ്യവസ്ഥകൾ വ്യക്തമാക്കിയുള്ള ചട്ടങ്ങളും മാർഗരേഖകളുമൊക്കെ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ സെൽ തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസത്തിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുമ്പോൾ സാമൂഹികനീതി ഉറപ്പാക്കാനും നടപടിയുണ്ടാവും.

ഉന്നത വിദ്യാഭ്യാസ പരിഷ്കരത്തിനായുള്ള ശ്യാം ബി. മേനോൻ കമ്മിഷൻ ശുപാർശയനുസരിച്ചാണ് സ്വകാര്യ സർവകലാശാല അനുവദിക്കാനുള്ള തീരുമാനം. കല്പിത സർവകലാശാലാപദവിക്കായി ചില കോളേജുകൾ നേരത്തേ സർക്കാരിനെ സമർപ്പിച്ചിരുന്നു. ഇതു പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു.

സ്വകാര്യ സർവകലാശാലകളാണ് അനുയോജ്യമെന്നായിരുന്നു ശ്യാം ബി.മേനോൻ കമ്മിഷന്റെയും അഭിപ്രായം. കല്പിത സർവകലാശാല പൂർണമായും യു.ജി.സി. നിയന്ത്രണത്തിലായതിനാൽ ഉന്നത വിദ്യാഭ്യാസവകുപ്പ് അതിനെ അനുകൂലിച്ചില്ല.

തുടർന്ന്, സംസ്ഥാനസർക്കാരിന് നിയന്ത്രണമില്ലാത്ത കല്പിത സർവകലാശാലകൾക്കുപകരം സ്വകാര്യ സർവകലാശാല അനുവദിക്കുന്നതാണ് ഉചിതമെന്ന് സി.പി.എം. സംസ്ഥാനനേതൃത്വവും നിലപാടെടുത്തു.

കോൺസ്റ്റിറ്റ്യുവന്റ് കോളേജുകളും വരും

സ്വതന്ത്രസ്വഭാവമുള്ള കോൺസ്റ്റിറ്റ്യുവന്റ് കോളേജുകൾ സ്ഥാപിക്കാനുള്ള മാർഗനിർദേശവും ഉന്നത വിദ്യാഭ്യാസപരിഷ്കരണ സെൽ തയ്യാറാക്കും. അഫിലിയേഷൻ സംവിധാനത്തിൽനിന്നുമാറി, അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽ സ്വതന്ത്രസ്വഭാവത്തോടെ, സർവകലാശാലയുമായി ചേർന്നു പ്രവർത്തിക്കുന്നവയാണ് കോൺസ്റ്റിറ്റ്യുവന്റ് കോളേജ്. ആദ്യഘട്ടത്തിൽ 20 സർക്കാർ കോളേജുകളെ ഇങ്ങനെ ഉയർത്താനാണ് ശുപാർശ. ഇതിനായി നിലവിലെ സർവകലാശാലാ നിയമങ്ങൾക്കും ഭേദഗതിചെയ്യും.

ലക്ഷ്യം വിദ്യാർഥികൾ പുറത്തേക്ക് പോകുന്നത് തടയൽ

ഉന്നതവിദ്യാഭ്യാസത്തിനായി മറ്റുസംസ്ഥാനങ്ങളിലേക്ക് കേരളത്തിൽനിന്ന് വിദ്യാർഥികൾ പോകുന്നത് തടയാൻ പ്രമുഖ സ്വകാര്യസർവകലാശാലകൾക്ക് ഇവിടെ അവസരമൊരുക്കുകയാണ് ലക്ഷ്യം. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകളുണ്ട്. രാജ്യത്താകെ 450 സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!