പേരാവൂർ തെറ്റുവഴിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ സൈക്കിൾ തടഞ്ഞ് അക്രമിച്ചതായി പരാതി

പേരാവൂർ: സ്കൂൾ കഴിഞ്ഞ് സൈക്കിളിൽ പോവുകയായിരുന്ന ഏഴാം ക്ലാസുകാരനെ തടഞ്ഞ് നിർത്തി അക്രമിച്ചതായി പരാതി. വേക്കളം ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥി തെറ്റുവഴി പനയട വീട്ടിൽ ദേവപ്രയാഗാണ് (11) അക്രമിക്കപ്പെട്ടത്. നാഭിക്ക് പരിക്കേറ്റ ദേവപ്രയാഗിന് പേരാവൂർ താലൂക്കാസ്പത്രിയിൽ ചികിത്സ നല്കി. ചൊവ്വാഴ്ച വൈകിട്ട് തെറ്റുവഴി ടൗണിന് സമീപമാണ് സംഭവം. സൈക്കിളിൽ പോകവെ എതിരെ വന്ന കാർ കണ്ട് വിദ്യാർത്ഥി സൈക്കിൾ റോഡിൽ പെട്ടെന്ന് നിർത്തിയിരുന്നു. ഈ സമയം എതിരെ വന്ന കാറും സഡൻ ബ്രേക്കിട്ടു. കാറിൻ്റെ തൊട്ടു പിന്നിൽ വന്ന ബൈക്ക് ബ്രേക്കിട്ടെങ്കിലും നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഇതിൽ പ്രകോപിതനായി വിദ്യാർത്ഥിയെ റോഡരികിലേക്ക് തള്ളിയിടുകയും സൈക്കിൾ വലിച്ചെറിയുകയുമായിരുന്നുവെന്നാണ് പരാതി. ദേവപ്രയാഗിൻ്റെ പിതാവ് ശിശുക്ഷേമ സമിതിക്കും പേരാവൂർ പോലീസിലും പരാതി നല്കി.