തയ്യൽ തൊഴിലാളി വീണു മരിച്ച സംഭവം, മട്ടന്നൂർ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഗോവണിയിൽ കൈവരി സ്ഥാപിച്ചു

മട്ടന്നൂർ: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു തയ്യൽ തൊഴിലാളി വീണു മരിച്ചതിനെ തുടർന്ന് ഗോവണിയിൽ കൈവരി സ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇടവേലിക്കൽ സ്വദേശി എൻ.വി.ലക്ഷ്മണൻ കെട്ടിടത്തിൽ നിന്നു വീണു മരിച്ചത്.
ഉച്ച ഭക്ഷണം കഴിച്ചു വിശ്രമിക്കാൻ മുകളിലെ നിലയിലേക്കു കയറിയപ്പോഴായിരുന്നു അപകടം. കോപ്ലക്സിന്റെ മുകൾ നിലയിലേക്ക് കയറുന്ന ഗോവണിയിൽ നിന്നു താഴേക്ക് വീഴുകയായിരുന്നു.
ഗോവണിയിൽ കൈവരികൾ സ്ഥാപിക്കാത്തതാണ് തയ്യൽ തൊഴിലാളി വീഴാനിടയായതെന്നു പരാതി ഉയർന്നതിനാലാണ് വൈകിട്ടു തന്നെ കൈവരി സ്ഥാപിക്കാൻ നഗരസഭ നടപടിയെടുത്തത്.
18 വർഷം മുൻപാണ് ബസ് സ്റ്റാൻഡ് കെട്ടിടം നിർമിച്ചത്. ഗോവണിയിൽ പൂർണമായി കൈവരി സ്ഥാപിച്ചിരുന്നില്ല. ബസ് സ്റ്റാൻഡിന്റെ മുകളിൽ ഒന്നാം നിലയിൽ മാത്രമേ കച്ചവട സ്ഥാപനങ്ങളുള്ളൂവെന്നും അതിന്റെ മുകളിൽ ടെറസ്സിലേക്കു പൊതു ജനങ്ങൾ കയറേണ്ടതില്ലെന്നുമാണ് നഗരസഭയുടെ നിലപാട്.
എന്നാൽ വിദ്യാർഥികൾ ഉൾപ്പെടയുള്ളവർ മിക്കപ്പോഴും ഇവിടെ കയറാറുണ്ട്. കൈവരി സ്ഥാപിക്കുന്നതിൽ നഗരസഭ കാണിച്ച അലംഭാവമാണ് അപകട സാധ്യത ഉണ്ടാക്കിയത്.
കെട്ടിട നിർമാണ ചട്ടം കർശനമായി നടപ്പാക്കേണ്ട നഗരസഭ തന്നെയാണ് സ്വന്തം കെട്ടിടത്തിൽ കൈവരി സ്ഥാപിക്കാതെ തയ്യൽ തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയത്.
മുൻപ് വൈദ്യുതി വെളിച്ചം ഇല്ലാതിരുന്ന ഗോവണി പരിസരത്ത് നഗരസഭയുടെ പുതിയ ഭരണ സമിതി അധികാരമേറ്റ ഉടനെയാണ് ചെയർമാൻ എൻ.ഷാജിത്തിന്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് വൈദ്യുതി സംവിധാനം ഏർപ്പെടുത്തിയത്. വ്യാപാരികളുടെ സഹകരണത്തോടെ കെട്ടിടത്തിൽ പെയിന്റിങ് നടത്തുകയും ചെയ്തിരുന്നു.