പുതുപ്പള്ളി: ചാണ്ടി ഉമ്മൻ യു.ഡി.എഫിന്റെ സ്ഥാനാർഥി

Share our post

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യു.ഡി.എഫ് സ്ഥാനാർഥി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. എ.ഐ.സി.സി ജനറൽ​ സെക്രട്ടറി കെ.സി വേണുഗോപാലും കെ.സുധാകരനൊപ്പം ഉണ്ടായിരുന്നു. അത്യന്തം വികാരപരമായ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘അപ്പ മരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്. ആ വികാരം മണ്ഡലത്തിൽ പ്രതിഫലിക്കും. അതിനൊപ്പം രാഷ്ട്രീയ വിഷയങ്ങൾ കൂടി മണ്ഡലത്തിൽ ചർച്ചയാകും’ -അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനകമാണ് ചാണ്ടി ഉമ്മനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഒറ്റക്കെട്ടായാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ​

എല്ലാവരുമായും ആശയ വിനിമയം നടത്തിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുന്നണി നേതാക്കളുമായും ആശയ വിനിമയം നടത്തി. കേരളത്തിൽ നിന്ന് ചാണ്ടി ഉമ്മന്റെ പേര് മാത്രമേ കേന്ദ്ര നേതൃത്വത്തിന് നൽകിയുള്ളുവെന്നും വി.ഡി സതീശൻ പറഞ്ഞു.

സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 10നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറങ്ങുക. ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ആഗസ്റ്റ് 21നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!