പയ്യന്നൂർ നഗരത്തിൽ പത്ത് മുതൽ ട്രാഫിക് പരിഷ്കരണം

പയ്യന്നൂർ: ടൗണിൽ 10-ാം തീയതി മുതൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുവാൻ , നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് കമ്മിറ്റി യോഗം തീരുമാനിച്ചു. മെയിൻ റോഡിൽ പുതിയ ബസ് സ്റ്റാൻഡ് മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ റോഡിന്റെ വടക്കുഭാഗം മാർക്ക് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ ഇരു ചക്ര വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കുകയുള്ളൂ.
റോഡിന്റെ തെക്ക് ഭാഗത്ത് അനധികൃത പാർക്കിംഗ് പാടില്ല. റെയിൽവേ സ്റ്റേഷൻ – പെരുമ്പ ഭാഗങ്ങളിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ ടൗണിൽ കയറാതെ ബൈപ്പാസ് വഴി കേളോത്ത് മസ്ജിദ് റോഡിൽ കൂടി ഇരുവശങ്ങളിലേക്കും കടന്നു പോകണം.ഗാന്ധിപാർക്ക് റോഡിലേക്കും, സി.ഐ.ടി.യു. ഓഫീസ് റോഡിലേക്കും മെയിൻ റോഡിൽ നിന്ന് പ്രവേശനം മാത്രം നൽകുന്ന നിലയിൽ വൺവേ സംവിധാനം ഏർപ്പെടുത്തും.
സി.ഐ.ടി.യു ഓഫീസ് – സഹകരണ ആശുപത്രി റോഡിലും, ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം റോഡിലും അനധികൃത വാഹന പാർക്കിംഗ് അനുവദിക്കില്ല.യോഗത്തിൽ വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭ സെക്രട്ടറി, ആർ.ടി.ഒ, പൊലീസ്, പൊതുമരാമത്ത് അധികൃതർ, ഡപ്യൂട്ടി തഹസിൽദാർ, ചേമ്പർ- വ്യാപാരി വ്യവസായി പ്രതിനിധികൾ, ബസ് – ഓട്ടോറിക്ഷ , ഹോട്ടൽ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ബസുകൾപഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ സി.ഐ.ടി.യു. ഓഫീസ് – ടി.പി. സ്റ്റോർ സ്റ്റേഡിയം റോഡ് വഴി പെരുമ്പയിലേക്ക് പ്രവേശിക്കണം. എൽ.ഐ.സി ജംഗ്ഷൻ, പെരുമ്പ ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് തടസം സൃഷ്ടിക്കാതെ ബസുകൾ സ്റ്റോപ്പിൽ തന്നെ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം.
ഓട്ടോറിക്ഷകൾകിഴക്ക് ഭാഗത്ത് നിന്ന് യാത്രക്കാരെ എത്തിക്കുന്ന ഓട്ടോറിക്ഷകൾ സിറാജ് ബേക്കറിക്ക് സമീപവും പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ഓട്ടോറിക്ഷകൾ രവീന്ദ്ര ഹോട്ടലിന് സമീപവും നിർത്തി യാത്രക്കാരെ ഇറക്കണം. നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പേ പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.