എടക്കാട് അടിപ്പാതയുടെ നിർമാണം തുടങ്ങി

എടക്കാട്: കണ്ണൂർ – തലശ്ശേരി ദേശീയപാതയുടെ പുതിയ ആറുവരിപ്പാത കടന്നുപോകുന്ന എടക്കാട് ബസാറിൽ അടിപ്പാതയുടെ നിർമാണം തുടങ്ങി. നാടൊന്നാകെ ഒരുമിച്ചുനിന്ന് നേടിയെടുത്തതാണ് എന്നതിനാൽ ഈ നേട്ടത്തിന് ഇരട്ടി മധുരമുണ്ട്. എടക്കാട്ടെ അടിപ്പാത യാഥാർഥ്യമാവുന്നതോടെ അതൊരു ജനകീയ സമരത്തിന്റെ വിജയംകൂടിയാണ്.
പുതിയ ആറുവരിപ്പാത കടന്നുപോകുന്ന എടക്കാട് ബസാറിൽ റോഡിന്റെ ഇരുവശവും ചെറുവാഹനങ്ങളുൾപ്പെടെ കടന്നു പോകാൻ വലുപ്പത്തിൽ അടിപ്പാത നിർമിക്കാൻ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ദേശീയപാത അതോറിറ്റി അധികൃതർ കഴിഞ്ഞ മേയിലാണ് അനുമതി നൽകിയത്. തുടർന്ന് ജൂൺ ആദ്യ വാരത്തിൽ തന്നെ നിർമാണപ്രവർത്തനത്തിന് തുടക്കം കുറിച്ചു.
നിലവിലെ റോഡിൽ നിന്നും ഏറെ ഉയർന്നു പോകുന്ന പുതിയ ദേശീയപാത വരുന്നതോടെ എടക്കാട് രണ്ടായി വിഭജിക്കപ്പെടുകയും പടിഞ്ഞാറ് ഭാഗത്തു നിന്നും കടമ്പൂർ, കാടാച്ചിറ ഭാഗത്ത് നിന്നും വരുന്ന നിരവധി യാത്രക്കാർ ഏറെ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടി വരുകയും ഒപ്പം വ്യാപാര മേഖല ഉൾപ്പെടെ വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ഗുരുതരാവസ്ഥ മുന്നിൽ കണ്ടാണ് നാട്ടുകാർ ചേർന്ന് കടമ്പൂർ ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ മുന്നിട്ടിറങ്ങിയത്.
പി.കെ. പുരുഷോത്തമൻ, ഒ. സത്യൻ, എം.കെ. അബൂബക്കർ എന്നിവർ മുഖ്യ ഭാരവാഹികളായി സർവകക്ഷി അണ്ടർപാസ് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയായിരുന്നു പ്രവർത്തനം. തുടർന്ന് നടത്തിയ നിരന്തര പോരാട്ടത്തിന്റെ വിജയം കൂടിയാണ് അടിപ്പാത അനുവദിച്ച് ഉത്തരവിലേക്കും ഇപ്പോൾ നിർമാണത്തിലേക്കുമെത്തിയത്.
നിലവിൽ എടക്കാട് ബീച്ച് റോഡിനും സഫാ സെന്ററിനും ഇടയിലെ സ്ഥലത്താണ് അടിപ്പാത നിർമിക്കുന്നത്. ഏഴു മീറ്റർ വീതിയിലും നാലു മീറ്റർ ഉയരത്തിലും വരുന്ന അടിപ്പാത കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കും സുഖമായി സഞ്ചരിക്കാൻ പാകത്തിലാണ് നിർമിക്കുക. ജനങ്ങളൊന്നാകെ സമരരംഗത്തുറച്ചു നിന്നതിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് സമരങ്ങൾക്ക് നേതൃത്വം നൽകിയ ജനകീയ സമിതി നേതാക്കൾ പറഞ്ഞു.