മമ്മൂട്ടിയുടെ ആശ്വാസം പദ്ധതി ഇനി കോഴിക്കോട്ടും: പദ്ധതി നാടിന് സമര്‍പ്പിച്ച് മന്ത്രി റിയാസ്

കോഴിക്കോട്: നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഏറ്റവും പുതിയ പദ്ധതിയാണ് ആശ്വാസം.
ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമായി വരുന്ന കിടപ്പുരോഗികള്‍ക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് ആശ്വാസം. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പദ്ധതി എത്തിക്കുമെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയില്‍ വിതരണോദ്ഘാടനം നടത്തിയത്.
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആശ്വാസം പദ്ധതി വഴി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കുന്നത് ജില്ലയിലെ ശ്വാസ സംബന്ധമായ പ്രയാസം അനുഭവിക്കുന്ന കിടപ്പുരോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും ഉദ്ഘാടനത്തോടൊപ്പം മന്ത്രി പറഞ്ഞു.
മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ പ്രവര്‍ത്തിച്ചു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയം ആണെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ മേഖല ചെയര്‍മാന്‍ എം. ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മനസുരക്ഷാ അരീക്കാട് മേഖലാ കണ്‍വീനര്‍ താജുദ്ദീന്‍ എം.പി, മുന്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയ, കെ ഗംഗാധരന്‍ , പി. ജയപ്രകാശന്‍, സുരക്ഷാ സോണല്‍ കണ്‍വീനര്‍ കെ. വി. ശിവദാസന്‍ , സി. അനീഷ് കുമാര്‍, എം ജയരാജന്‍, മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഫ്‌സല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ റഫീന അന്‍വര്‍ , മൈമൂനത്ത് ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. മമ്മൂട്ടി ഫാന്‍സ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഹാഷിര്‍, പ്രസിഡന്റ് ഷെബിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു