കരുത്തോടെ മുന്നോട്ട്.. കരാട്ടെ പരിശീലനവുമായി കുടുംബശ്രീയുടെ ധീരം

Share our post

‘ചുദാന്‍ സുഗി…മിഡില്‍ ലെവല്‍ പഞ്ച്, ജോദന്‍ സുഗി…ഫേസ് ലെവല്‍ പഞ്ച്…’എല്ലാ ഞായറാഴ്ചകളിലും മട്ടന്നൂര്‍ നഗരസഭ സി. ഡി. എസ് ഹാളില്‍ നിന്നും ഇത് കേള്‍ക്കാം. കരാട്ടെയുടെ കരുത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് 21 വനിതകള്‍ ഇവിടെ. കുടുംബശ്രീയുടെ ധീരം പദ്ധതിയിലൂടെ.

കുടുംബശ്രീ മിഷനും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സഹകരിച്ചാണ് സംസ്ഥാനത്തുടനീളം ധീരം പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകള്‍ക്ക് സ്വയരക്ഷക്കും പ്രതിരോധത്തിനും ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം ഒരു വരുമാന മാര്‍ഗ്ഗം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള കരാട്ടെ പരിശീലനം. ‘ധീരം, കരുത്തോടെ മുന്നോട്ട്’ എന്നതാണ് സന്ദേശം.

ജില്ലയില്‍ മട്ടന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ രണ്ട് സെന്ററുകളില്‍ നിന്നായി 35 വനിതകളാണ് ധീരം പദ്ധതിയില്‍ കരാട്ടെ പരിശീലനം നേടുന്നത്. ഒരു വര്‍ഷമാണ് പരിശീലനം. കുടുംബശ്രീ, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്.

18 മുതല്‍ 45 വരെ പ്രായമുള്ളവരെയാണ് പരിഗണിച്ചത്. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഉള്‍പ്പെടുത്തി സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന ഗ്രൂപ്പുകള്‍ ആരംഭിക്കുകയും സ്‌കൂള്‍, കോളേജ്, ബാലസഭ, കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ് എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരാട്ടെ പരിശീലനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

മട്ടന്നൂര്‍ നഗരസഭ സി. ഡി. എസ് ഹാളില്‍ 21 പേരും തളിപ്പറമ്പ് പാലക്കുളങ്ങര അങ്കണവാടിയിലെ കേന്ദ്രത്തില്‍ 14 പേരുമാണ് പരിശീലനം നേടുന്നത്. മട്ടന്നൂരില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയും തളിപ്പറമ്പില്‍ എല്ലാം ശനിയാഴ്ചയും ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയുമാണ് ക്ലാസ്സ്. പി. കെ പ്രഗിന, അല്‍ന എം. അജയന്‍ എന്നിവരാണ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍.

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ കീഴില്‍ ഇവര്‍ക്ക് 28 ദിവസത്തെ പ്രത്യേക പരിശീലനം കൂടി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഒരു ക്ലാസ്സിന് 2000 രൂപ ഓണറേറിയം കുടുംബശ്രീ ലഭ്യമാക്കുന്നുണ്ട്. പരിശീലനം നേടുന്നവര്‍ക്ക് യാത്രാബത്തയും നല്‍കുന്നു. യൂണിഫോമും ലഭ്യമാക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്ത് മൂന്നാം വാരം മട്ടന്നൂരില്‍ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!