കളറാണ്, തെളിച്ചമാണ്, സ്നേഹമാണ് കണ്ണൂർ

കണ്ണൂർ : മുന്നിൽ ദൈവങ്ങൾക്കു ചുറ്റും ഓടിനടന്നു തെളിയുന്ന നിറമുള്ള ബൾബുകൾ, നല്ല ഉച്ചത്തിൽ സംഗീതം, വീതി കുറഞ്ഞ റോഡിലൂടെ കുതിച്ചു പായുകയാണെങ്കിലും ഒന്നു കൈ കാണിച്ചാൽ നിർത്തും, ഈ നാട്ടിലെ ബസ് യാത്ര.. അതാണ് കണ്ണൂർ ഞങ്ങൾക്കു നൽകിയ ഏറ്റവും മികച്ച അനുഭവം, പറയുന്നത് ഇന്തൊനീഷ്യയിൽ നിന്നുള്ള അസ്താരയും ബ്രസീലിൽ നിന്നുള്ള ഹെലനും.
ടൂറിസം വകുപ്പിന്റെ അതിഥികളായി കേരള ബ്ലോഗ് എക്സ്പ്രസിൽ പങ്കെടുക്കാൻ എത്തിയവരാണ് ഇരുവരും. തിരിച്ചു നാട്ടിലേക്കുള്ള ടിക്കറ്റ് വൈകിയതോടെ ഇരുവരും ബാഗ് പാക്ക് ചെയ്തിറങ്ങി, ഇങ്ങ് കണ്ണൂരിലേക്ക്.വിദേശരാജ്യങ്ങളിലെ ഡിജിറ്റൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും ഫോളോവേഴ്സ് കൂടുതലുള്ള യാത്രികരായ കണ്ടന്റ് നിർമാതാക്കൾക്ക് ആതിഥ്യമരുളുന്ന ടൂറിസം വകുപ്പ് പദ്ധതിയാണു കേരള ബ്ലോഗ് എക്സ്പ്രസ്.
ഈ സീസണിൽ ആകെ 25 പേരായിരുന്നു ഉണ്ടായിരുന്നത്. കനത്തമഴയായതിനാൽ സംഘത്തിന്റെ മലബാറിലേക്കുള്ള യാത്ര കോഴിക്കോട് കൊണ്ട് അവസാനിക്കുകയായിരുന്നു. കോഴിക്കോടെത്തിയ സംഘത്തെ നയിച്ച മുഹമ്മദ് ഷിഹാദിന്റെ സിറ്റി ഹെറിറ്റേജ് വഴിയാണു ഹെലനും അസ്താരയും കണ്ണൂരിലേക്ക് എത്തുന്നത്. മലബാർ ടൂറിസം കൗൺസിലും നിരാമയ റിട്രീറ്റ്സ് വൈദേകവും സീഷെൽ ഹാരിസ് ബീച്ച്ഹോമുമാണ് ഇരുവർക്കുമുള്ള സൗകര്യങ്ങളൊരുക്കിയത്.
പോർച്ചുഗീസ് സംസാരിക്കുന്ന ഹെലന് തലശ്ശേരി മുട്ടമാല കണ്ടതേ കൗതുകമായി. ഇതേ മുട്ടമാലയാണ് ബ്രസീലിലും ഉള്ളത്. ഇതേ രുചി. നിറം, പേര് മാത്രം മാറ്റമുള്ളൂ(പേര് പറഞ്ഞിരുന്നു, പിടികിട്ടിയില്ല). വീടുകളോടു ചേർന്നുള്ള ക്ഷേത്രങ്ങളും കാവുകളും അറയ്ക്കലിന്റെ ചരിത്രവും വഴിയിൽ നിന്നു തങ്ങളെ വിളിച്ചു കയറ്റി ‘തീ വേണോ’ എന്നു ചോദിച്ചു ചായ നൽകിയ വീടുകളും കോക്ടെയ്‌ലും പഴംപൊരിയടക്കമുള്ള പലഹാരങ്ങളും ഒരിക്കലും മറക്കില്ലെന്ന് ഇരുവരും പറയുന്നു.
ഇന്ത്യ സന്ദർശിക്കാനിരിക്കുന്ന മകളോട് കണ്ണൂർ കാണാൻ വരണമെന്നു തീർച്ചയായും പറയുമെന്ന് ഹെലൻ. മറ്റു സ്ഥലങ്ങളെപ്പോലെയല്ല, ഇവിടെയുള്ളവർ കുടുംബാംഗങ്ങളെപ്പോലെയാണ് ഞങ്ങളെ കണ്ടത്. നല്ല മനുഷ്യരാണ്. ചിലപ്പോഴൊക്കെ എന്റെ നാടു പോലെ തോന്നിയെന്ന് അസ്താര പറയുന്നു. ഇരുവരുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും ‘കണ്ണൂർ– കേരള സ്റ്റോറീസ്’ ഉടൻ പുറത്തിറങ്ങും.