കണ്ണൂരില്‍ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്  പ്രതിഫലം നല്‍കും

Share our post

കണ്ണൂർ : മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും വിവരം നൽകുന്നവർക്ക്‌ പ്രതിഫലവുമായി കണ്ണൂർ സിറ്റി പൊലീസ്‌. വർധിക്കുന്ന മയക്കുമരുന്ന്‌ ഉപയോഗവും വിൽപ്പനയും തടയനാണ്‌ പൊലീസിന്റെ പദ്ധതി. ലഹരി
ഉപയോഗം തടയാൻ ഡ്രോൺ അടക്കം ഉപയോഗിച്ചാണ്‌ പൊലീസ്‌ പരിശോധന.

കഴിഞ്ഞ മാസം കണ്ണൂർ സിറ്റി പൊലീസ് 202 ലഹരി കേസുകൾ രജിസ്‌റ്റർ ചെയ്‌തു. 3.254 കിലോഗ്രാം കഞ്ചാവും 16.22 ഗ്രാം എം.ഡി.എം.എ.യും പൊലീസ് പിടിച്ചെടുത്തു. ലഹരികൂടിയ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌. ഒളിപ്പിച്ചുകടത്താൻ വലിയ പ്രയാസമില്ലെന്നതിനാലാണ്‌ ഇവ കൂടുതലായും എത്തുന്നത്‌. കോളേജുകളുടെയും സ്‌കൂളുകളുടെയും പരിസരങ്ങളിലാണ്‌ ലഹരി മാഫിയ കൂടുതലായും പിടിമുറുക്കിയത്‌.

എം.ഡി.എം.എ.യുടെ ഉപയോഗം വ്യാപകമായതോടെ യുവാക്കൾ ‘കമ്പനി’യായി കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌. ഇത്തരം കേന്ദ്രങ്ങളിൽനിന്ന്‌ എം.ഡി.എം.എയടക്കമുള്ളവ വ്യാപകമായി പിടികൂടുന്നുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പൊതുജനങ്ങളുടെയും സഹായത്തോടെ ലഹരിമരുന്നുകൾക്കെതിരായ നടപടികൾക്ക്‌ പൊലീസ്‌ ഒരുങ്ങിയത്‌.

ഉപയോഗവും വിപണനവും ശ്രദ്ധയിൽപ്പെട്ടാൽ വിവരം പൊലീസിനെ വാട്ട്സ് ആപ്പ് മുഖേന അറിയിക്കാം. നർകോട്ടിക്‌ സെൽ എ.സി.പി യുടെ ഫോൺ നമ്പറായ 9497990135 ലേക്കാണ്‌ വിവരം അറിയിക്കേണ്ടത്‌. ഇതിന്‌ പ്രതിഫലം നൽകും. വിവരം തരുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ്‌ കമ്മീഷണർ അജിത്‌ കുമാർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!