അവധിയാഘോഷിക്കാനെത്തി, നിശ്‌ചലരായി മടങ്ങി; മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ചത് കുടുംബത്തിലെ മൂന്ന് പേർ

Share our post

തലയോലപ്പറമ്പ് : ആ യാത്ര നിറഞ്ഞ ആഹ്ലാദത്തോടെയായിരുന്നു, മടക്കം തീരാവേദനയിലേക്കും. അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഒരു കുടുംബത്തിലെ മൂന്നുപേർക്കാണ്‌ മൂവാറ്റുപുഴയാറിൽ ജീവൻ നഷ്‌ടമായത്‌. അരയൻകാവ് തോട്ടറ മുണ്ടയ്ക്കൽ ജോൺസൺ(56), സഹോദരന്റെ മകൾ ജിസ്‌മോൾ(15), സഹോദരിയുടെ മകൻ അലോഷ്യസ്(16) എന്നിവരാണ് മരിച്ചത്.

മേവള്ളൂർ ചെറുകര പാലത്തിന്‌ താഴെയുള്ള കടവിൽ ഞായർ പകൽ 11.30നായിരുന്നു അപകടം. പകൽ 11ന്‌ ഒമ്പതംഗസംഘം കടവിലെത്തി. കുളിക്കാനിറങ്ങിയ ഏഴുപേരാണ്‌ അപകടത്തിൽപ്പെട്ടത്‌. കയത്തിൽപ്പെട്ട നാലുപേരെ നാട്ടുകാർ രക്ഷിച്ചു. നാട്ടുകാർ എത്തുംമുമ്പ് മൂന്നുപേർ കയത്തിൽ മുങ്ങിത്താഴ്ന്നു. വെള്ളത്തിലിറങ്ങിയ ഒരാൾ കയത്തിൽപ്പെട്ടെന്ന സംശയത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ജോൺസൺ പുഴയിൽ മുങ്ങിപ്പോയതെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

പുഴയിൽ ശക്തമായ അടിയൊഴുക്ക്‌ ഉണ്ടായിരുന്നെന്ന്‌ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ പറഞ്ഞു. വൈക്കം, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിശമനാ സേനാംഗങ്ങളാണ്‌ മൃതദേഹങ്ങൾ മുങ്ങിയെടുത്തത്. തലയോലപ്പറമ്പ്‌, വെള്ളൂർ പൊലീസും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.

ജോൺസന്റെ ഭാര്യ സെലിന വരിക്കാംകുന്ന് കുരിശിങ്കൽ കുടുംബാംഗം. മുണ്ടക്കൽ ജോബി–- സൗമ്യ ദമ്പതികളുടെ മകളാണ് ജിസ്‌മോൾ. സഹോദരങ്ങൾ: ജോയൽ, ജൂവൽ. വരിക്കാംകുന്ന് പാറയിൽ സാബു–സുനി ദമ്പതികളുടെ മകനാണ് അലോഷ്യസ്. ബ്രഹ്മമംഗലം സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്‌. സഹോദരൻ: അഖിൽ (ഇറ്റലി).

രണ്ടാഴ്ച മുമ്പാണ് മുണ്ടക്കൽ ജോബിയും കുടുംബവും യു.കെയിൽനിന്ന്‌ നാട്ടിലെത്തിയത്. അലോഷിയുടെ അച്ഛൻ സാബു ഇറ്റലിയിലാണ്. ജോൺസന്റെ മറ്റൊരു സഹോദരൻ ജോമോനും ഇറ്റലിയിലാണ്. ഇവർ വന്നശേഷം സംസ്കാരം നടത്തും. മുങ്ങിമരിച്ചവർക്ക്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തി മന്ത്രി വി.എൻ. വാസവൻ ആദരാഞ്ജലി അർപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!