പ്രമേഹ ചികിത്സ കൃത്യമല്ലെങ്കില്‍ അപകടം രണ്ട് തരത്തിൽ

അവഗണിച്ചാൽ അപകടത്തിലാക്കുന്ന രോഗമാണ് പ്രമേഹം. വളരെ പതുക്കെ അത് ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളുടെയും പ്രവർത്തനം താറുമാറാക്കും. ഒരുകൂട്ടം രോഗങ്ങളിലേക്ക് നയിക്കും. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ, കാഴ്ച പ്രശ്നങ്ങൾ തുടങ്ങി പല രോഗങ്ങൾക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന വില്ലൻ പലപ്പോഴും പ്രമേഹമായിരിക്കും.
അപകടം രണ്ട് തരത്തിൽ
ഷുഗർനില കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ രണ്ടുതരത്തിൽ സങ്കീർണതകൾ ഉണ്ടാക്കാറുണ്ട്. പെട്ടെന്നുണ്ടാകുന്നതും ദീർഘകാലംകൊണ്ട് വരാവുന്നതും. രക്തത്തിലെ ഷുഗർനില പെട്ടെന്ന് കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ, കീറ്റോഅസിഡോസിസ് എന്നിവയാണ് പെട്ടെന്നുണ്ടാകുന്ന സങ്കീർണത.
ഹൈപ്പോഗ്ലൈസീമിയ
പ്രമേഹമുള്ളവരിൽ ചിലപ്പോൾ ഷുഗർനില പെട്ടെന്ന് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. ഭക്ഷണം കഴിക്കാതിരിക്കുകയോ ഇൻസുലിന്റെ അളവ് കൂടുതലാവുകയോ ഒക്കെ ചെയ്യുമ്പോഴാണ് പൊതുവേ ഇങ്ങനെ സംഭവിക്കാറ്. കാഴ്ച മങ്ങുക, ഹൃദയസ്പന്ദന നിരക്ക് കൂടുക, തലവേദന, വിറയൽ എന്നിവയെല്ലാമാണ് ലക്ഷണങ്ങൾ.
കീറ്റോഅസിഡോസിസ്
ഇൻസുലിന്റെ കുറവ് കാരണമോ ഇൻസുലിൻ ഇല്ലാത്തതുകൊണ്ടോ ശരീരത്തിന് ഗ്ലൂക്കോസിനെ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് കീറ്റോ അസിഡോസിസ് എന്ന സങ്കീർണതയുണ്ടാകുന്നത്. കോശങ്ങൾക്ക് ഊർജം ലഭിക്കാതാകുമ്പോൾ ശരീരത്തിലെ കൊഴുപ്പ് വിഘടിപ്പിച്ച് ഊർജം കണ്ടെത്താൻ തുടങ്ങും. ഇങ്ങനെ വിഘടിപ്പിക്കുമ്പോൾ അതിന്റെ ഭാഗമായി കീറ്റോണുകൾ ഉണ്ടാകുന്നു. രക്തത്തിൽ കീറ്റോൺ ആസിഡ് അളവ് കൂടുമ്പോൾ ഛർദി, വയറുവേദന, ശ്വസന വേഗം കൂടുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.
ഹൃദ്രോഗങ്ങൾ, വൃക്കരോഗം, സ്ട്രോക്ക്, നാഡികൾക്കുണ്ടാകുന്ന തകരാറുകൾ, കാഴ്ചപ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ദീർഘകാലംകൊണ്ട് സംഭവിക്കുന്ന സങ്കീർണകളാണ്.
ദീർഘകാല സങ്കീർണതകൾ
രക്തത്തിലെ ഷുഗർനില ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് ഹൈപ്പർഗ്ലൈസീമിയ. പ്രമേഹം നിയന്ത്രണമില്ലാതെ തുടർന്നാൽ 10-15 വർഷങ്ങൾകൊണ്ട് അവയവങ്ങളെ അത് തകരാറിലാക്കിയേക്കാം. ചെറിയ രക്തക്കുഴലുകളെയും വലിയ രക്തക്കുഴലുകളെയും അത് ഒരുപോലെ കേടുവരുത്തും. ചെറിയ രക്തക്കുഴലുകൾക്ക് കേടുവരുത്തുമ്പോൾ അതിനെ മൈക്രോവാസ്കുലാർ ഡിസീസ് എന്ന് പറയും. വലിയ രക്തക്കുഴലിനെ ബാധിക്കുന്നതാണ് മാക്രോവാസ്കുലാർ ഡിസീസ്. പ്രമേഹത്തോടൊപ്പം അമിത രക്തസമ്മർദവും അമിത കൊളസ്ട്രോളുമുണ്ടെങ്കിൽ ഈ സങ്കീർണതകളുടെ സാധ്യതകളും തീവ്രതയും കൂടും.