പാചകം ഈസിയാക്കാം; ‘കറി കട്ട്‌സി’ലൂടെ പാകത്തിനെത്തും പച്ചക്കറികൾ

Share our post

തിരക്കുകൾക്കിടയിൽ പാചകം ഭാരമാവുന്നുണ്ടോ? ഇഷ്ടവിഭവങ്ങൾ ഒരുക്കാൻ സമയം കിട്ടുന്നില്ലേ? പരിഭവം വേണ്ട, ആവശ്യമുള്ള പച്ചക്കറികൾ പാകത്തിന്‌ അരികിലെത്തും. കൊണ്ടോട്ടി വാഴക്കാട്‌ സ്വദേശിനി വി. നിതു (28)വാണ്‌ ‘കറി കട്ട്‌സ്‌’എന്ന സംരംഭത്തിലൂടെ റെഡി ടു കുക്ക്‌ പച്ചക്കറികൾ വിപണിയിലെത്തിക്കുന്നത്‌.

കറിവേപ്പില മുതൽ ചിരകിയ തേങ്ങവരെ വിൽപ്പനയ്‌ക്കുണ്ട്‌. ഈ വർഷം ഫെബ്രുവരിയിലാണ്‌ ജില്ലാ വ്യവസായവകുപ്പിനുകീഴിൽ (ഷോപ്‌സ്‌ ആൻഡ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്‌) ‘കറി കട്ട്‌സ്‌’ രജിസ്റ്റർചെയ്തത്‌. ജോലിചെയ്യുന്ന വനിതകൾക്കും വിദ്യാർഥികൾക്കും ബാച്ചിലേഴ്‌സിനും കുറഞ്ഞ സമയത്തിനുള്ളിൽ പാചകത്തിന്‌ സഹായകമാവുന്ന രീതിയിൽ ഉൽപ്പന്നങ്ങൾ എങ്ങനെ എത്തിക്കാമെന്ന ചിന്തയിൽ നിന്നാണ്‌ ‘റെഡി ടു കുക്ക്‌’ പച്ചക്കറികൾ ആശയത്തിലേക്ക്‌ നിതു എത്തുന്നത്‌. ഐടി പ്രൊഫഷണലായ ഭർത്താവ്‌ അഭിലാഷാണ്‌ ‘കറി കട്ട്‌സ്‌’ഓൺലൈൻ ആപ് തയ്യാറാക്കിയത്‌.

യൂണിറ്റ്‌ സംവിധാനവും മറ്റ്‌ സജ്ജീകരണങ്ങൾക്കുമായി മൂന്നുലക്ഷത്തിലധികം ചെലവായി. മലപ്പുറത്താണ്‌ രജിസ്‌റ്റർ ചെയ്‌തതെങ്കിലും നിലവിൽ എറണാകുളത്ത് മാത്രമാണ്‌ വിപണി. വിതരണത്തിനുൾപ്പെടെ 15 പേർ ജോലിചെയ്യുന്നുണ്ട്‌. മാസം ശരാശരി രണ്ടുലക്ഷം രൂപയുടെ വിൽപ്പനയുണ്ട്‌.  

 

അരികിലെത്തും അളവിൽ

 

അവിയൽ, ഓലൻ, കാളൻ, സാമ്പാർ, തോരൻ… വിഭവം ഏതുമാകട്ടെ ആവശ്യമുള്ള പച്ചക്കറികൾ കറി കട്ട്‌സ്‌ ആപ്പിലൂടെ ഓർഡർചെയ്യാം. തൂക്കവും പച്ചക്കറി കഷ്ണങ്ങളുടെ വലിപ്പം തെരഞ്ഞെടുക്കാനും ആവശ്യമില്ലാത്തത്‌ ഒഴിവാക്കാനും ആപ്പിൽ സൗകര്യമുണ്ട്‌.

 

കട്ടിങ് ഫ്രഷാണ്‌

 

യൂണിറ്റിൽ പച്ചക്കറികൾ വാങ്ങി സൂക്ഷിക്കാറുണ്ടെങ്കിലും ഓർഡറിന്‌ അനുസരിച്ചാണ്‌ പച്ചക്കറികൾ മുറിച്ച്‌ പായ്‌ക്കിങ്. ഒരു വിഭവത്തിനുതന്നെ വ്യത്യസ്‌ത ഓർഡറുകൾ ലഭിക്കുന്നതിനാലും ഉൽപ്പന്നങ്ങൾ ഫ്രഷായി എത്തിക്കാനുമാണ്‌ ഓർഡറിനുശേഷമുള്ള മുറിക്കൽ. രണ്ടുമണിക്കൂറിനകം പച്ചക്കറികൾ ഉപഭോക്താക്കൾക്ക്‌ ലഭ്യമാക്കുന്നുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!