അപകടങ്ങള്‍ പതിയിരിക്കുമ്പോഴും കൂടല്‍ക്കടവിലേക്ക് സഞ്ചാരിപ്രവാഹം; തകൃതിയായ മീന്‍പിടുത്തം

Share our post

പനമരത്തു നിന്ന് പതിനൊന്നുകിലോമീറ്റര്‍ മാറി പേര്യാമലയില്‍നിന്നു വരുന്ന മാനന്തവാടിപ്പുഴയും ബാണാസുരമലയില്‍ നിന്നുമെത്തുന്ന പനമരം പുഴയും സംഗമിക്കുന്ന ഇടത്താണ് കൂടല്‍ക്കടവ് തടയണ. കുറുവ ദ്വീപിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ തടയണ കണാനും മീന്‍ പിടിക്കാനുമായി ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. മാനന്തവാടി പുഴയും പനമരം പുഴയുമായി കബനി ഒത്തുചേരുന്ന സ്ഥലമായതിനാലാണ് ‘കൂടല്‍ കടവ്’ എന്ന പേര് വന്നത്.

കല്‍പ്പറ്റ-പനമരം-കൊയിലേരി വഴിയും, പനമരം-പുഞ്ചവയല്‍-ദാസനക്കര വഴിയും, മാനന്തവാടി-കുറുവ ദ്വീപ് റോഡിലൂടെ പയ്യംമ്പള്ളി വഴിയും സഞ്ചാരികള്‍ക്ക് കൂടല്‍ക്കടവിലേക്ക് എത്തിച്ചേരാന്‍ കഴിയും. കാണാന്‍ അതിമനോഹരമാണെങ്കിലും അപകടവും പതിയിരിക്കുന്നുണ്ട് കൂടല്‍ക്കടവില്‍. വെള്ളിയാഴ്ച മീന്‍പിടിക്കുന്നതിനിടെ ഒരാള്‍ മരിച്ചതോടെയാണ് കൂടല്‍ക്കടവിലെ അപകട സാധ്യത വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

തടയണയുടെ കെട്ടിടത്തിനുമുകളില്‍ ചീളുകള്‍ക്ക് മീതെ 13 കോണ്‍ക്രീറ്റ് സ്ലാബുകള്‍വെച്ചിരുന്നു. അവയില്‍ മൂന്നെണ്ണമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ. ബാക്കിമുഴുവന്‍ നിലംപൊത്തിയിരിക്കുകയാണ്. നാലുവര്‍ഷംമുമ്പ് ഇവിടെ താത്കാലികമായി പലകകള്‍വെച്ചിരുന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അതും കാണാനില്ല.

ഇവിടങ്ങളില്‍ ഒരു മീറ്ററിലധികം വിസ്താരത്തിലുള്ള വിടവുകളാണ്. ഇത് ചാടിക്കടന്നാണ് സഞ്ചാരികളും മീന്‍പിടിത്തക്കാരും തടയണയുടെ അക്കരെയെത്തുന്നത്. ശക്തമായ കുത്തൊഴുക്കില്‍ കാലൊന്നുതെറ്റിയാല്‍ താഴെവീഴും. ഇവിടമാകെ പാറക്കല്ലുകളാണ്. കല്ലില്‍ തലയിടിച്ച് വലിയ അപകടം ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്ന് പരിസരവാസികള്‍ പറയുന്നു.

മീന്‍പിടിത്തം തകൃതി: സുരക്ഷയില്ല

ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് കൂടല്‍ക്കടവ് തടയണയിലും പരിസരങ്ങളിലും മീന്‍പിടിത്തം തകൃതിയായി നടക്കുന്നത്. പുഴയില്‍നിന്ന് മീന്‍പിടിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും തടയണയ്ക്ക് മുകളിലും പുഴയോരങ്ങളിലും മീന്‍പിടിത്തക്കാരുടെ നീണ്ടനിരയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെയുള്ളവര്‍ ചൂണ്ടയും കൊത്തുവലയുമായി എത്തുന്നുണ്ട്. മതിയായ സുരക്ഷയില്ലാതെയുള്ള മീന്‍പിടിത്തം അപകടസാധ്യത ഉയര്‍ത്തുകയാണ്. അയല്‍ജില്ലകളിലും ദൂരദിക്കുകളിലും ഉള്ളവരാണ് ഇവിടെയെത്തി മീന്‍പിടിത്തത്തില്‍ സജീവമാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

സഞ്ചാരികളുടെ ഒഴുക്ക്

ദിവസങ്ങള്‍ കടന്നുപോകുന്തോറും കൂടല്‍ക്കടവിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ വന്‍വര്‍ധനയാണ്. പാതിരി വനാതിര്‍ത്തോടുചേര്‍ന്നുള്ള പുഴയുടെ ദൃശ്യഭംഗിയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഒരിക്കലെത്തുന്നവര്‍ ഇവിടെ സ്ഥിരം സന്ദര്‍ശകരാവുകയാണ് പതിവ്.

നാലുപേരുടെ ജീവന്‍ പൊലിഞ്ഞു

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നാലുജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. രണ്ടുവര്‍ഷംമുമ്പ് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വര്‍ക്ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മുങ്ങിമരിച്ചതായിരുന്നു ഒടുവിലുള്ള അപകടമരണം. 2019-ല്‍ കൂടല്‍ക്കടവ് തടയണയില്‍ കുളിക്കുന്നതിനിടെ കാട്ടിക്കുളം സ്വദേശിയായ ഒന്‍പതാംക്ലാസുകാരന്‍ മരിച്ചിരുന്നു. തൊട്ടുമുന്നിലെ വര്‍ഷം മീന്‍പിടിക്കുന്നതിനിടെ ഒരു ആദിവാസിയുവാവും അപകടത്തില്‍പ്പെട്ട് മരിച്ചു.

പരാതിപ്പെട്ടിട്ടും നടപടിയില്ല

സുരക്ഷയില്ലാത്ത തടയണയില്‍ മീന്‍പിടിത്തക്കാരുടെയും സഞ്ചാരികളുടെയും വരവ് അധികമായതോടെ നാട്ടുകാര്‍ നിരന്തരം പരാതിപ്പെടാറുണ്ട്. പോലീസ് ഇടയ്‌ക്കെല്ലാം സ്ഥലത്തെത്തി എല്ലാവരെയും തുരത്താറുണ്ട്. എന്നാല്‍, വനംവകുപ്പോ, ടൂറിസംവകുപ്പോ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇവിടെനിന്ന് ഇഷ്ടംപോലെ മത്സ്യം ലഭിക്കുന്നതിനാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് മീന്‍പിടിത്തം സജീവമാണ്.

ഇവിടെ തടയണ നിര്‍മിക്കുന്നതിനു മുന്‍പും പിന്‍പും മീന്‍പിടിത്തക്കാര്‍ നിത്യസന്ദര്‍ശകരാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുസംവിധാനവുമില്ല. തടയണയുടെ മറുഭാഗത്തുള്ള വനത്തില്‍നിന്ന് കാട്ടാനകള്‍ വെള്ളംകുടിക്കാന്‍ പതിവായി ഇവിടെയെത്താറുണ്ട്. അടുത്തകാലത്തായി പാറകള്‍ക്ക് മുകളില്‍ മുതലകളെയും കാണുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!