പതിനേഴുകാരി തീകൊളുത്തി മരിച്ച കേസ്: പ്രതിക്ക് 18 വർഷം കഠിനതടവും പിഴയും
കൊച്ചി : പതിനേഴുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 1,20,000 രൂപ പിഴയും. കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശേരി സിബി (23)യെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.
2020 മാർച്ചിൽ കൂട്ടുകാരിയോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ പ്രതി കളമശേരി കങ്ങരപ്പടി ഭാഗത്തുവച്ച് കൈയിൽ കയറിപ്പിടിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തു. യൂണിഫോം കോട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന നോട്ട്സ് എഴുതിയ പേപ്പറുകൾ കീറിക്കളയുകയും ചെയ്തു. മറ്റുള്ളവർ കാൺകെയായിരുന്നു സംഭവം. മനോവിഷമത്തിലും പ്രതി വീട്ടിലെത്തി അപായപ്പെടുത്തുമെന്നുള്ള ഭയത്താലും രാത്രിയിൽ പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് കേസ്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
പെൺകുട്ടിയുടെ കൂട്ടുകാരിയുടെ സാക്ഷിമൊഴിയാണ് കേസിൽ നിർണായകമായത്. മരണമൊഴിയും പ്രതിക്കെതിരായിരുന്നു. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. ആത്മഹത്യാപ്രേരണ, തടഞ്ഞുനിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, അതിക്രമം തുടങ്ങിയ അഞ്ച് വകുപ്പുകളിലാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തൃക്കാക്കര എസ്ഐയായിരുന്ന വി.ജി. സുമിത്ര, സി.ഐ ആർ. ഷാബു എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ എന്നിവർ ഹാജരായി.