സൂക്ഷിക്കണം, നിസ്സാരമല്ല ഡെങ്കിപ്പനി

കണ്ണൂർ: ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിതർ ഇരട്ടിയിലധികമായി. ജില്ലയിൽ കഴിഞ്ഞ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 66 പേർക്കാണ്.
ജൂണിൽ ഇത് 25 ആയിരുന്നു. ഇരട്ടിയിലധികമാണു വർധന. പനിബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ജൂണിൽ 21,541 പേരാണു പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയതെങ്കിൽ ജൂലൈ ആയപ്പോഴേക്കും പനിബാധിതർ 25,207 ആയി.
ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി 208 പേർ ചികിത്സ തേടി. 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത് എട്ടു പേരാണ്. 5,619 പേർ വയറിളക്ക രോഗങ്ങൾക്കു ചികിത്സ തേടി.
ഈ മാസം പനിബാധിതർ 3,395
കഴിഞ്ഞ നാലു ദിവസത്തിനിടെ 3,395 പേർ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടി. 4 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 26 പേരാണ് ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. വയറിളക്ക രോഗങ്ങൾക്കു ചികിത്സ തേടിയത് 684 പേരാണ്.
കൊതുകിനെ സൂക്ഷിക്കണം
∙ ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്കരിക്കുക
∙ റഫ്രിജറേറ്ററിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, അലങ്കാരച്ചെടികളുടെ പാത്രം, മൃഗങ്ങൾക്കു തീറ്റ കൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റി കൊതുക് വളരുന്നില്ല എന്നുറപ്പാക്കുക.
∙ വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി കഴുകിയശേഷം വെള്ളം ശേഖരിക്കുക.
∙ ഉപയോഗിക്കാത്ത കിണർ, കുളം, വെള്ളക്കെട്ട്, എന്നിവിടങ്ങളിൽ ഗപ്പി വളർത്തുക
∙ വാതിലുകൾ, ജനാലകൾ എന്നിവിടങ്ങളിൽ വല പിടിപ്പിക്കുക, കൊതുക് വല ഉപയോഗിക്കുക.
∙ വെള്ളം നിറച്ച കുപ്പികളിൽ ചെടി വീടിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
∙ മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് നിർദേശിക്കുന്ന ദിവസങ്ങളിൽ ഹരിത കർമ സേനയ്ക്കു കൈമാറുക.