തലശ്ശേരിയിൽ ബസ് നിർത്തും തോന്നുന്നിടത്ത്

തലശ്ശേരി: പതിറ്റാണ്ടുകളായി മലബാറിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ രാത്രികാല സർവീസുകൾ സ്വിഫ്റ്റ് ബസുകളായപ്പോൾ തലശ്ശേരി ബസ് സ്റ്റാൻഡിൽ പ്രവേശിക്കാത്തത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. കണ്ണൂർ ഭാഗത്ത് നിന്നും എറണാകുളം, പാലക്കാട് ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സിഫ്റ്റ് ബസുകളുടേതാണ് ബസ് സ്റ്റാൻഡ് ബഹിഷ്‌കരണം.
ബസുകൾ രാത്രികാലങ്ങളിലായാലും നിർബന്ധമായും സ്റ്റാൻഡിൽ പ്രവേശിക്കണ നിർദ്ദേശമുണ്ട്.
സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ബസ് കയറാനും ഇറങ്ങാനും തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോപ്ലക്സിന്റെ പടിഞ്ഞാറ് വശത്ത് അസമയങ്ങളിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.ബസ് നിർത്തുന്നതാകട്ടെ ഇരുട്ട് നിറഞ്ഞ സ്ഥലത്തും.
ജീവനക്കാരോട് സ്റ്റാൻഡിൽ പ്രവേശിക്കാൻ അഭ്യർത്ഥിച്ചാൽ നല്ലരീതിയിലുള്ള മറുപടിയല്ല ലഭിക്കുന്നത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിച്ചാൽ സ്റ്റാൻഡിൽ പോകണം എന്നതാണ് നിയമം എന്നു പറയും. യാത്രക്കാരെ ദുരിതത്തിലാക്കുന്ന സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ജീവനും കൊണ്ട് നെട്ടോട്ടംതലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ പാർക്കിംഗ് തോന്നും പടിയാണ്. ഇരുവശത്തേക്കും ബസുകൾ ഉൾപ്പെടെ ചീറിപ്പായുന്നു. കാൽനട യാത്രക്കാർ ജീവനും കൊണ്ട് നെട്ടോട്ടമോടുന്നു. കണ്ണൂർ ഭാഗത്തു നിന്നും വരുന്ന ബസുകൾ ഡ്രൈവർക്ക് സൗകര്യമുള്ള സ്ഥലത്ത് നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. ബസ് നടുറോഡിൽ നിർത്തി ഗതാഗതക്കുരുക്കുണ്ടാക്കിയാൽ ഡ്രൈവറും ഹാപ്പിയെന്നതാണ് സ്ഥിതി.
വരുന്നത് തിരക്ക് കാലം ഓണക്കാലം വരുന്നതോടെ തെരുവ് കച്ചവടക്കാരും തിരക്കും വർദ്ധിക്കും. തലശ്ശേരി നഗരത്തിലൂടെയുള്ള കാൽനട സഞ്ചാരം പോലും ദുരിതമയമാണ്. എം.ജി റോഡിൽ 200 മീറ്ററിനുള്ളിൽ മൂന്നിടത്താണ് ബസുകൾ നിർത്തുന്നത്. ബസു കയറാൻ യാത്രക്കാരും വിദ്യാർത്ഥികളും നെട്ടോട്ടമോടണം.