കണ്ണൂർ കുഞ്ഞിപ്പള്ളി ജുമാ മസ്ജിദിന് നേരെ കല്ലേറ്; രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ : കുഞ്ഞിപ്പള്ളി ജുമാ മസ്ജിദിന് നേരെയുണ്ടായ കല്ലേറിൽ ജനൽ ഗ്ലാസുകൾ തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് എടച്ചേരിയിലെ മാണിക്കോത്ത് നഗർ കൈപ്പള്ളി ഹൗസിൽ ഷമീർ(29), കൊളച്ചേരി കരിങ്കൽകുഴിയിലെ കൊളങ്ങരേത്ത് ഹൗസിൽ കെ.അഖിൽ(20) എന്നിവരെ ടൗൺ ഇൻസ്പെക്ടർ പി.എ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ പള്ളിയുടെ മുൻവശത്തെ രണ്ട് ജനൽ ഗ്ലാസുകളാണ് തകർന്നത്.
പള്ളി കമ്മിറ്റി ഭാരവാഹികൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പള്ളിയുടെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കെ.വി.സുമേഷ് എം.എൽ.എ പള്ളി സന്ദർശിച്ചു.