എം.ബി.ബി.എസ് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2023ലെ എം.ബി.ബി.എസ് ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർഥികളിൽനിന്ന് ലഭിച്ച പരാതികൾ പരിഹരിച്ചശേഷമാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് വെള്ളിയാഴ്ച വൈകീട്ട് മുതൽ അവരുടെ പേജിലെ ‘Data sheet’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡേറ്റ ഷീറ്റ് പ്രിന്റ് എടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡേറ്റ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ പ്രോസ്പെക്ടസ് ക്ലോസ് 117.1 പ്രകാരമുള്ള രേഖകൾ എന്നിവ കോളജ് അധികാരികൾക്കുമുന്നിൽ ഹാജരാക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ പേരിൽ അടക്കേണ്ട ഫീസ് വെള്ളിയാഴ്ച വൈകീട്ട് മുതൽ ആഗസ്റ്റ് എട്ടിന് വൈകീട്ട് മൂന്നുവരെ ഓൺലൈൻ പേമെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ (പോസ്റ്റ് ഓഫിസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ) ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ശനിയാഴ്ച മുതൽ ആഗസ്റ്റ് എട്ടിന് വൈകീട്ട് നാലുവരെ ഹാജരായി പ്രവേശനം നേടാം. വിശദ വിവരം www.cee.kerala.gov.in ൽ.