അടിച്ചു മക്കളേ, നാല് കോടി (ലോട്ടറിയല്ല, പിഴയാണ്); അടച്ചില്ലേൽ പുലിവാല്

കണ്ണൂർ : റോഡ് ക്യാമറക്കണ്ണുകൾ പിടിമുറുക്കി; ജില്ലയിൽ ജൂൺ മാസത്തിൽ മാത്രം ഗതാഗത നിയമലംഘനങ്ങൾക്കു പിഴയായി ഈടാക്കിയത് 1.85 കോടി രൂപ.
ജൂൺ മാസം ജില്ലയിൽ 37,000 നിയമലംഘനങ്ങളാണ് റോഡ് ക്യാമറകൾ കണ്ടെത്തിയത്. മേയിൽ ക്യാമറകൾ ‘പണി’ തുടങ്ങിയെങ്കിലും ജൂൺ മുതലാണു പിഴ ചുമത്താൻ തുടങ്ങിയത്.
പിഴ ഇങ്ങനെ
ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർക്ക് 500 രൂപയും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗത്തിനു 2000 രൂപയും സിഗ്നൽ തെറ്റിച്ചുള്ള യാത്രകൾക്ക് 1000 രൂപയും രണ്ടിലധികം പേരുമായുള്ള ഇരുചക്രവാഹനയാത്രയ്ക്ക് 1000 രൂപയുമാണു പിഴ.
സൂക്ഷിച്ച് പാർക്ക് ചെയ്തോ
‘സേഫ് കേരള’യുടെ ഭാഗമായി ജില്ലയിൽ 50 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാർക്കിങ് കണ്ടെത്താൻ മാത്രം തലശ്ശേരിയിൽ 2 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അടച്ചില്ലേൽ പുലിവാല്
മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലാണ് കൺട്രോൾ റൂം. ഇവിടെനിന്നാണു നോട്ടിസ് ലഭിക്കുക. തെറ്റായി നോട്ടിസ് ലഭിച്ചാൽ ഇവിടെത്തന്നെ പരാതി നൽകാം. നോട്ടിസ് കൈപ്പറ്റി 30 ദിവസത്തിനുള്ളിൽ പിഴയടയ്ക്കണം. പിഴ അടയ്ക്കാതെ കോടതിയിൽ പോകേണ്ട സാഹചര്യമുണ്ടായാൽ കേന്ദ്ര നിയമപ്രകാരമുള്ള കൂടിയ തുക അടയ്ക്കേണ്ടി വരും.
അടിച്ചു മക്കളേ, 4 കോടി! (ലോട്ടറിയല്ല, പിഴയാണ്)
മോട്ടർവാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മാർച്ച് മുതൽ ജൂൺ വരെ ജില്ലയിൽ ഈടാക്കിയ പിഴ 4 കോടിയിലധികം രൂപ. റോഡ് ക്യാമറകൾ നിയമലംഘനം കണ്ടെത്തി ഈടാക്കിയതുൾപ്പെടെ, 4,38,88,820 രൂപയാണ് പിഴയിനത്തിൽ സർക്കാരിനു ലഭിക്കുക.
34 തരത്തിലുള്ള നിയമലംഘനങ്ങളിൽ കൂടുതലും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടതാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.സി.ഷീബ പറഞ്ഞു.
റോഡ് ക്യാമറ ജൂണിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ
>ഹെൽമറ്റ് ഇല്ലാതെ യാത്ര: 2977 കേസ്
>പിഴ: 3,39,500 രൂപ
>സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര: 8728 കേസ്
>പിഴ: 7,25,500 രൂപ
>ഇരുചക്ര വാഹനങ്ങളിൽ രണ്ടിലേറെപ്പേർ: 53 കേസ്
>പിഴ: 1,25,000 രൂപ
>ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം: 105 കേസ്
>പിഴ: 33,750 രൂപ