മെറിറ്റിൽ ഇരുപതിനായിരത്തോളം സീറ്റ്: പ്ലസ്‌വൺ മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റ് അപേക്ഷ നാല് വരെ

ഹരിപ്പാട്: പ്ലസ്‌വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിനു വെള്ളിയാഴ്ച വൈകുന്നേരം നാലുവരെ അപേക്ഷിക്കാം. ഇതുവരെ അലോട്‌മെന്റ് ലഭിക്കാത്തവർ കാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതിയ അപേക്ഷ നൽകാം.
അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയതിനാൽ അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരസിക്കപ്പെട്ടവർക്കും ഈ ഘട്ടത്തിൽ അപേക്ഷ പുതുക്കാം. കാൻഡിഡേറ്റ് ലോഗിനിലൂടെ തെറ്റുതിരുത്തിവേണം ഇവർ അപേക്ഷ പുതുക്കാൻ.
ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ വിവരം ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലുണ്ട്. അതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. സീറ്റൊഴിവുള്ള സകൂളിലേക്കു മാത്രമേ ഓപ്ഷൻ നൽകാനാകൂ. മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുമെന്നാണ് അറിയുന്നത്.
അതനുസരിച്ചാകും അലോട്‌മെന്റ് പ്രസിദ്ധീകരിക്കുക. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനുശേഷം സ്കൂളും വിഷയവും മാറ്റിയുള്ള അലോട്‌മെന്റ് നടത്തിയിരുന്നു. വ്യാഴാഴ്ചയോടെ അതനുസരിച്ചുള്ള പ്രവേശനം പൂർത്തിയായിട്ടുണ്ട്. മെറിറ്റിൽ ഇരുപതിനായിരത്തോളം സീറ്റ് അവശേഷിക്കുന്നുണ്ട്.
ഓഗസ്റ്റ് നാലിന് ഇത്തവണത്തെ പ്രവേശന നടപടി പൂർത്തിയാക്കാനാണു തീരുമാനിച്ചിരുന്നത്. മുഖ്യഘട്ടത്തിൽ മൂന്നും സപ്ലിമെന്ററി ഘട്ടത്തിൽ രണ്ടും അലോട്‌മെന്റുകളാണു നിശ്ചയിച്ചിരുന്നത്.
എന്നാൽ, അവസാനഘട്ടത്തിൽ 97 ബാച്ചുകൾകൂടി അനുവദിച്ചതിനാൽ ഒരു സപ്ലിമെന്ററി അലോട്‌മെന്റുകൂടി നടത്തേണ്ടിവന്നു. അതിനാലാണ് പ്രവേശനം അവസാനിപ്പിക്കാനുള്ള തീയതി നീളുന്നത്.
മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായശേഷം ഒരിക്കൽക്കൂടി സ്കൂളും വിഷയവും മാറാനുള്ള അവസരം ലഭിക്കും. ജില്ലാന്തര സ്കൂൾമാറ്റത്തിനും ആ ഘട്ടത്തിൽ അപേക്ഷിക്കാം.