ആറളം ഫാമിൽ നിന്ന് 60,000 തെങ്ങിൻതൈകൾ കർഷകരിലേക്ക്

പേരാവൂർ: ആറളം ഫാമിൽനിന്നുള്ള തെങ്ങിൻതൈകൾ കൃഷി ഭവൻ മുഖാന്തരം വീടുകളിലേക്ക് എത്തുന്നു. നാളികേര വികസന പദ്ധതി പ്രകാരം 60,000 തെങ്ങിൻതൈകളാണ് കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്യുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതിപ്രകാരം ഗുണഭോക്താക്കളെ കണ്ടെത്തി കൃഷി ഭവൻ മുഖാന്തരം തൈകൾ എത്തിക്കാൻ നാളികേര വികസന കൗൺസിലുമായി നേരത്തെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കുറ്റ്യാടി ഇനത്തിൽപ്പെട്ട തൈകളാണ് കൃഷിഭവനുകൾക്ക് നൽകുന്നത്.
കൃഷിഭവനുകൾക്ക് തൈ നൽകുമ്പോൾ കൃഷി വകുപ്പിൽ നിന്ന് തെങ്ങൊന്നിന് 150 രൂപയാണ് ഫാമിന് ലഭിക്കുക. കൃഷിഭവനുകൾ വഴി കർഷകർക്ക് 50 രൂപയ്ക്കാണ് തൈകൾ നൽകുന്നത്. നൂറുരൂപയുടെ സബ്സിഡിയാണ് കർഷകർക്ക് ലഭിക്കുക.
ഇതോടൊപ്പം കൃഷി ഭവൻ മുഖാന്തരം വേപ്പിൻപിണ്ണാക്കും വളങ്ങളും നൽകുന്നുണ്ട്. പാക്കറ്റുകളിലാക്കിയ തൈകൾ മാത്രമേ ഇത്തവണ ഫാമിൽനിന്ന് ക്തികൾക്ക് വിതരണം ചെയ്യുന്നുള്ളൂ.
ഇതിന് വിലയും കൂടുതലാണ് പറിച്ചെടുത്ത് നല്കുന്ന തൈകളുടെ വിൽപന ഇല്ലാതായതോടെ നഴ്സറിയിൽ നിന്നുള്ള വരുമാനം മുൻ വർഷത്തേക്കാൾ കുറയുകയും ചെയ്തു.
വൈവിധ്യവത്കരണത്തിലൂടെ നഴ്സറിയിൽനിന്നുള്ള വരുമാനം മൂന്നിരട്ടിയാക്കി വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൃഷി ഭവൻ മുഖാന്തരം തൈകൾ നൽകാനുള്ള തീരുമാനം.