കേന്ദ്രസർവീസിൽ 1324 ജൂനിയർ എൻജിനിയർ; എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം

കേന്ദ്രഗവൺമെന്റിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജൂനിയർ എൻജിനിയർമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് അവസരം. നിലവിൽ 1324 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ ഒഴിവുകൾക്ക് സാധ്യതയുണ്ട്. എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. 2023 ഒക്ടോബറിലായിരിക്കും പരീക്ഷനടത്തുക.
പ്രായം 2023 ഓഗസ്റ്റ് ഒന്നിന് 30 കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, എസ്.സി., എസ്.ടി.-15 വർഷം, ഒ.ബി.സി.-13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വകുപ്പുകൾ/സ്ഥാപനങ്ങൾ: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ്, ജലവിഭവം-നദീവികസനം, ഫറാക്ക ബാരേജ് പ്രോജക്ട്, മിലിട്ടറി എൻജിനിയറിങ് സർവീസ്, തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയം (അന്തമാൻ, ലക്ഷദ്വീപ്), നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ.
യോഗ്യത: സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, മിലിട്ടറി എൻജിനിയറിങ് സർവീസ്, ജലവിഭവവകുപ്പ് എന്നിവയിലേക്ക് ത്രിവത്സര ഡിപ്ലോമ നിഷ്‌കർഷിച്ചിട്ടുണ്ട്.
ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്കും മിലിട്ടറി എൻജിനിയറിങ് സർവീസിലേക്കും അപേക്ഷിക്കുന്ന ത്രിവത്സര ഡിപ്ലോമക്കാർക്ക് രണ്ടുവർഷത്തെ പ്രവർത്തനപരിചയംകൂടി വേണം. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക് ഓട്ടോമൊബൈൽ ത്രിവത്സര ഡിപ്ലോമയും പരിഗണിക്കും.
അപേക്ഷ: വിശദവിവരങ്ങൾ ssc.nic.in ൽ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 16 (രാത്രി 11 വരെ). ഓൺലൈൻ അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ഓഗസ്റ്റ് 17, 18 തീയതികളിൽ ഫീസോടുകൂടി തിരുത്തൽവരുത്താം.