തീരുമ്പോ തീരുമ്പോ പണി തരാൻ ഞങ്ങളെന്താ കുപ്പീന്ന് വന്ന ഭൂതങ്ങളോ?

Share our post

കണ്ണൂർ : ജോലിഭാരം കൊണ്ട് ഉറക്കം നഷ്ടപ്പെട്ട വില്ലേജ് ഓഫിസർമാർ ഇനി ജോലികളുടെ വിവരങ്ങൾകൂടി റിപ്പോർട്ടായി നൽകണമെന്ന സർക്കാർ നിർദേശം ഇരുട്ടടിയെന്ന് ഉദ്യോഗസ്ഥർ. സേവനങ്ങളുടെയും നടപടികളുടെയും പ്രതിവാര, പ്രതിമാസ വിവരങ്ങൾ ഉൾപ്പെടെ ജോലിക്കണക്ക് ആഴ്ചയിലൊരിക്കൽ ലാൻഡ് റവന്യു കമ്മിഷണർക്ക് നൽകണമെന്നാണ് കഴിഞ്ഞ ദിവസം വന്ന നിർദേശം.

ഇക്കാര്യങ്ങൾ ഗൂഗിൾ സ്പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്തി ആഴ്ചയിൽ ഒരിക്കലാണുസമർപ്പിക്കേണ്ടത്.ഓൺലൈനായും അല്ലാതെയും നടത്തുന്ന ഭൂമി പോക്കുവരവ്, വൺടൈം സർട്ടിഫിക്കേഷൻ, അനധികൃത വയൽ നികത്തിയ വിവരങ്ങൾ ശേഖരിക്കൽ എന്നിവയ്ക്കു പുറമേ വില്ലേജ് ഓഫിസ് പരിധിയിലെ മറ്റ് എഴുപതോളം നടപടികളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം.

ലാൻഡ് റവന്യു കമ്മിഷണർ അടക്കമുള്ള മേലുദ്യോഗസ്ഥർക്ക് അവരുടെ ഓഫിസിൽ ഇരുന്നു തന്നെ വില്ലേജ് ഓഫിസ് നടപടികൾ ഓൺലൈനായി നിരീക്ഷിക്കാമെന്നിരിക്കെ ഓരോ പോർട്ടലിലും ചെയ്യുന്ന കാര്യങ്ങളെല്ലാം കുറിച്ചെടുത്ത് ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തേണ്ടിവരുന്നത് ജോലി ഭാരമേറ്റുമെന്നും സമയ നഷ്ടം ഉണ്ടാക്കുമെന്നും വില്ലേജ് ഓഫിസർമാർ പറയുന്നു.

ശുപാർശകൾ ഫയലിൽ

ഒരു വില്ലേജ് ഓഫിസിൽ ഓഫിസറെ കൂടാതെ അഞ്ചിൽ താഴെ ജീവനക്കാരാണ് ഉണ്ടാവുക. താലൂക്കുകളിൽ നൈറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന വില്ലേജ് ജീവനക്കാരൻ അടുത്ത ദിവസം അവധി എടുക്കുമ്പോൾ വില്ലേജ് ഓഫിസ് പ്രവർത്തനം കുഴയും.താലൂക്ക് ഓഫിസുകളിൽ വനിതാ ജീവനക്കാരാണു കൂടുതലെന്നും ഇവരെ രാത്രി ഡ്യൂട്ടിക്ക് ഇടാൻ പറ്റില്ലെന്നുമാണു താലൂക്ക് ഓഫിസുകളിലെ വില്ലേജ് ജീവനക്കാരുടെ നൈറ്റ് ഡ്യൂട്ടി ഒഴിവാക്കണമെന്ന ആവശ്യത്തിന് മറുപടിയായി അധികൃതർ പറയുന്നത്.

1970 കാലഘട്ടത്തിൽ നിശ്ചയിച്ച സ്ഥല പരിധിയും സ്റ്റാഫ് ഘടനയും അനുസരിച്ചാണ് ഇപ്പോഴും വില്ലേജ് ഓഫിസുകൾ പ്രവർത്തിക്കുന്നത്. 50 വർഷത്തിന് ശേഷമുള്ള ജനസാന്ദ്രത വർധനയും മറ്റും പരിഗണിച്ച് വില്ലേജ് ഓഫിസ് സ്ഥല പരിധികൾ വിഭജിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ഫയലിൽ ഉറങ്ങുകയാണ്. വില്ലേജ് ഓഫിസുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനം ഏർപ്പെടുത്തിയാൽ ജോലി കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും.

വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ പ്രമോട്ട് ചെയ്ത് ഫ്രണ്ട് ഓഫിസിൽ നിയമിക്കണമെന്ന ഫയൽ സർക്കാരിനു മുമ്പിലുണ്ടെങ്കിലും നടപടിയില്ല. ജോലി ഭാരം കുറയ്ക്കാൻ വില്ലേജ് ഓഫിസർമാരുടെ ജോലി വിഭജിച്ച് നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണമെന്ന ആവശ്യവും പരിഗണിച്ചില്ല. പ്രകൃതി ക്ഷോഭം അടക്കമുള്ള സ്ഥല പരിശോധനകൾക്ക് പുറത്തേക്ക് ഏറ്റവും കൂടുതൽ പോകേണ്ടിവരുന്നവരാണ് വില്ലേജ് ഓഫിസർമാർ. വാഹനം അനുവദിക്കണമെന്ന ആവശ്യവു പരിഗണിച്ചിട്ടില്ല.

വില്ലേജ് ഓഫിസർമാരുടെ ജോലികളിൽ ചിലത്

> വിവിധ നികുതി പിരിക്കലുകളും അനുബന്ധ നടപടികളും

> സാക്ഷ്യപത്രങ്ങൾ തയാറാക്കൽ

> മേൽ ഓഫിസുകളിലേക്കുള്ള റിപ്പോർട്ടുകൾ തയാറാക്കൽ

> പൊലീസ് സ്റ്റേഷനിലേക്കുള്ള വിഒസികൾ, സീൻ പ്ലാനുകൾ തയാറാക്കൽ

> റവന്യു റിക്കവറി

> ജപ്തി നടപടികൾ

> ബാങ്കുകളിലേക്കും മറ്റു ധനകാര്യ സ്ഥാപനങ്ങളിലേക്കും സമർപ്പിക്കാനുള്ള ലൊക്കേഷൻ സ്കെച്ചുകൾ തയാറാക്കൽ

> പ്രകൃതിക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യൽ

> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഭാഗമായ നടപടികൾ

> പട്ടയ നടപടികൾ ഭൂമി പതിച്ച് കൊടുക്കൽ

> ഭൂമി തരം മാറ്റൽ നടപടികൾ

> തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ

> തിരഞ്ഞെടുപ്പിന് ആവശ്യമായ കെട്ടിടങ്ങൾ കണ്ടെത്തൽ,

> ബി എൽ ഒമാരുടെ സേവന ലഭ്യത ഉറപ്പാക്കൽ.

> വിവിധ ഔദ്യോഗിക മീറ്റിങ്ങുകളിലും ഓൺലൈൻ മീറ്റിങ്ങുകളിലും പങ്കെടുക്കൽ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!