കുഞ്ഞെഴുത്തിലുണ്ട് വലിയ ലോകം

ചെറുകുന്ന്: ജീവിതാനുഭവത്തിൽ നിന്നാണ് സർഗ സൃഷ്ടികൾ പിറവിയെടുക്കുക. ജീവിക്കുന്ന ചുറ്റുപാട്, സാഹചര്യം എന്നിവയെല്ലാം എഴുത്തിന്റെ മാറ്റുകൂട്ടും. എന്നാൽ വലിയ അനുഭവങ്ങളില്ലെങ്കിലും അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ നാൾ മുതൽ വിവിധ വിഷയങ്ങളിൽ മനോഹരമായ കവിത രചിച്ച് ശ്രദ്ധേയയാവുകയാണ് ചെറുകുന്ന് ഒതയമ്മാടം യു. പി സ്കൂളിലെ നാലാം ക്ലാസുകാരി കെ. അഭിനയ.
രണ്ടാം ക്ലാസ് മുതൽ കുഞ്ഞു കവിതകൾ എഴുതിത്തുടങ്ങിയതാണ്. സ്കൂൾ വിട്ട് വന്ന് ഹോം വർക്ക് ചെയ്ത് പാഠഭാഗങ്ങൾ പഠിച്ച് പഴയ നോട്ടുപുസ്തകത്താളുകൾ തുന്നിയുണ്ടാക്കിയ പുസ്തകത്തിൽ കുഞ്ഞുകുഞ്ഞു വരികൾ എഴുതും. പലവട്ടം വായിക്കും. മനസിലുള്ളതുപോലെ വാചകങ്ങൾക്ക് അടുക്കും ചിട്ടയുമാകുന്നതുവരെ എഴുത്ത് തുടരും.
ഒടുവിൽ പ്രതീക്ഷിച്ച കവിത രൂപപ്പെടുത്തും. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ കവിത എഴുതിയത്. സ്വന്തം വീടിനെക്കുറിച്ചായിരുന്നു ഇത്. ‘ചെങ്കല്ലുകൊണ്ട് കെട്ടിയതാണെങ്കിലും സിമന്റ് തേക്കാതെ, നിലം ഒരുക്കാതെ, വെളിച്ചമില്ലാത്ത ആ വീട്ടിലാണ് ഞാൻ ജനിച്ചത്. ദുഃഖിതയായിരുന്നു ഞാൻ’ എന്ന് കുറിച്ചിടുമ്പോഴും എന്റെ വീട് എത്ര സുന്ദരം എന്നുകൂടി പറഞ്ഞുവയ്‌ക്കുന്നു.
പ്രകൃതിയിലെ ജീവജാലങ്ങളും പുഴയും മലയും കാറ്റും കവിതയ്‌ക്ക് വിഷയമായിട്ടുണ്ട്. കലാ സാംസ്കാരിക പെതൃകങ്ങളും തെയ്യങ്ങളും വരികളായിട്ടുണ്ട്. കള്ളം പറയാത്ത ചങ്ങാതിയായ കണ്ണാടിയും, കാറ്റിൻ ചിറകേറിയെത്തുന്ന ചാറ്റൽ മഴയും മനോഹാരിത തുളുമ്പുന്നവയാണ്.
കുഞ്ഞുമനസിൽ അറിവും കരുത്തും പകർന്ന അധ്യാപകരെ മറക്കരുതെന്ന് ഓർമപ്പെടുത്തുന്നതാണ് ഗുരുനാഥൻ എന്ന കവിത.അമ്പത് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. കുഞ്ഞുണ്ണിക്കവിതകളോടാണ് ഏറെയിഷ്ടം. സംസ്ഥാന രചനാ ക്യാമ്പിലും പങ്കാളിയായിട്ടുണ്ട്. കൊടേരി വത്സന്റേയും പാഞ്ചാലി ലതയുടെയും രണ്ടാമത്തെ മകളാണ്. അഭിനവ് സഹോദരൻ.