വെറുതെയാകുമോ മയ്യഴിപ്പുഴയിലെ ബോട്ട്ജെട്ടികൾ

പെരിങ്ങത്തൂർ : മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി നിർമിച്ച മയ്യഴിപ്പുഴയിലെ ബോട്ട് ജെട്ടികൾ പ്രവർത്തന ക്ഷമമാകാതെ കിടക്കുന്നു. നിർമാണം പൂർത്തിയായ ജെട്ടികളുടെ ഉദ്ഘാടനവുമില്ല, ഉദ്ഘാടനം ചെയ്തവ പ്രവർത്തിക്കുന്നുമില്ല എന്നതാണ് അവസ്ഥ. മയ്യഴിപ്പുഴയെയും വിനോദസഞ്ചാരമേഖലയിൽ ഉൾപ്പെടുത്തി 2019-ൽ തറക്കല്ലിട്ടവയാണ് ഈ ജെട്ടികൾ.
പ്രാദേശിക വിനോദസഞ്ചാര വികസനവും അനുബന്ധ തൊഴിൽമേഖലയുടെ സാധ്യതയും കണക്കിലെടുത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൻ പദ്ധതിയായിരുന്നു ഇത്. മോന്താലിലും പാത്തിക്കലിലും പരിസരങ്ങളിലും പുഴയോരത്ത് ധാരാളം വ്യാപാരസ്ഥാപനങ്ങൾ ഇതിനകം ഉയർന്നുകഴിഞ്ഞു.
ന്യൂമാഹി മുതൽ പെരിങ്ങത്തൂർ വരെ ആറ് ജെട്ടികളുണ്ട്. പാനൂർ നഗരസഭയിൽപെട്ട മോന്താലിലെ ബോട്ട് ജെട്ടിയുടേയും ന്യൂ മാഹി ബോട്ട് ജെട്ടിയുടേയും ഉദ്ഘാടനം ഗംഭീരമായി തന്നെയായിരുന്നു നടന്നത്. ന്യൂമാഹിയിലും മോന്താലിലും സ്വകാര്യ സംരഭകർ ടിക്കറ്റ് വെച്ച് ബോട്ട് യാത്ര നടത്തിയിരുന്നെങ്കിലും സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാൽ അധികൃതർ തടഞ്ഞു.
ഇവിടത്തെ സാഹസിക ബോട്ട് യാത്രയെക്കുറിച്ചും വ്യാപക പരാതികൾ ഉയർന്നിരുന്നു. ജെട്ടികൾ കേന്ദ്രീകരിച്ച് ചിലർ ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ടായി. ഇതിനിടെ നാട്ടുകാരുടെ പരാതിയെ തുടർന്ന് ന്യൂ മാഹി ബോട്ട് ജെട്ടിയിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു.
ഉദ്ഘാടനത്തിന് കാത്ത് രണ്ട് ജെട്ടികൾ
പെരിങ്ങത്തൂർ, കരിയാട് കിടഞ്ഞി എന്നീ ജെട്ടികളാണ് നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നത്. പാനൂർ നഗരസഭയിലാണ് രണ്ട് ജെട്ടികളും.
ജെട്ടികളുടെ നിലവിലെ അവസ്ഥ വിലയിരുത്താൻ മാസങ്ങൾക്ക് മുൻപ് വിനോദസഞ്ചാരവകുപ്പിലെ ഉദ്യോഗസ്ഥരെത്തിയിരുന്നു. ആയോധനകലയിലധിഷ്ഠിതമായതാണ് മയ്യഴിപ്പുഴയിലെ വിനോദസഞ്ചാര പദ്ധതി.
കേരളീയ വാസ്തുശൈലിയിൽ നിർമിച്ച രണ്ട് ജെട്ടികളിലും സൗരോർജ വിളക്കുകളുൾപ്പെടെ ആധുനിക സംവിധാനങ്ങളൊക്കെ നേരത്തേ സ്ഥാപിച്ചിരുന്നു. വലുതും ചെറുതുമായ സഞ്ചാരബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കാനുള്ള സംവിധാനങ്ങളൊക്കെ ജെട്ടികളിലുണ്ട്.
ലോഗൻസ് മാന്വലിൽ ഇടംപിടിച്ച പ്രശസ്തമായ പെരിങ്ങളം കടവിലാണ് പെരിങ്ങത്തൂരിലെ ബോട്ട് ജെട്ടി. കിടഞ്ഞിയിലെ നിർദിഷ്ട തുരുത്തിമുക്ക് പാലത്തിന്റെ പദ്ധതി പ്രദേശത്തോട് ചേർന്നാണ് കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിയുള്ളത്. ഇതിനടുത്താണ് സഞ്ചാരികളെത്താറുള്ള നടുത്തുരുത്തി ദ്വീപ്.
പെരിങ്ങത്തൂരിൽതന്നെ കോഴിക്കോട് ജില്ലയുടെ ഭാഗത്ത് മറ്റൊരു ജെട്ടിയുടെ നിർമാണവും നടന്നുവരികയാണ്. ഈ ജെട്ടികളെയെല്ലാം ബന്ധപ്പെടുത്തി മയ്യഴി പുഴയിൽ ഏത് രീതിയിലാണ് അധികൃതർ വിനോദസഞ്ചാരപദ്ധതികൾ നടത്തുക എന്ന് കാത്തിരിക്കുകയാണ് സഞ്ചാരികളും നാട്ടുകാരും.