കാനഡയില്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകള്‍ വഴി വാര്‍ത്തകള്‍ എത്തിക്കുന്നത് നിര്‍ത്തലാക്കി മെറ്റ പ്ലാറ്റ്‌ഫോംസ്. വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കമ്പനികള്‍മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് നിര്‍ബന്ധമാക്കിയുള്ള നിയമം കാനഡ നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഇനി വാര്‍ത്താ ഉള്ളടക്കങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ കാണിക്കേണ്ട എന്ന് കമ്പനി തീരുമാനിച്ചത്.
എന്നാല്‍ മെറ്റയുടെ ഈ നടപടി ‘നിരുത്തരവാദ പരം’ ആണെന്നാണ് കനേഡിയന്‍ സര്‍ക്കാരിന്റെ പ്രതികരണം.
കനേഡിയന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ആക്റ്റ് അനുസരിച്ച് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്, മെറ്റ പോലുള്ള കമ്പനികള്‍ കാനഡയിലെ മാധ്യമസ്ഥാപനങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരുമായി ചര്‍ച്ചചെയ്ത് വാണിജ്യ കരാറുകളുണ്ടാക്കണം.
അതേസമയം പ്രേക്ഷകരെ ലഭിക്കുന്നതിനും വരുമാനം ലഭിക്കുന്നതിനുമായി ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മാധ്യമസ്ഥാപങ്ങള്‍ സ്വമേധയാ ആണ് ലിങ്കുകള്‍ പങ്കുവെക്കുന്നത് എന്ന് കാനഡയിലെ മെറ്റ പോളിസി ഹെഡ്ഡ് റേച്ചല്‍ കരെണ്‍ പറഞ്ഞു. മാത്രവുമല്ല ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ വാര്‍ത്തകള്‍ക്ക് വേണ്ടിയല്ല ഞങ്ങളിലേക്ക് വരുന്നത് എന്നും അവര്‍ പറഞ്ഞു.
അതേസമയം കാനഡയില്‍ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തലാക്കിയ മെറ്റയുടെ നടപടി നിരുത്തരവാദ പരമാണെന്ന് കനേഡിയന്‍ സാംസ്‌കാരിക മന്ത്രി പസ്‌കാല്‍ സെന്റ് ഓന്‍ജ് പറഞ്ഞു.
വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് ന്യായമായ വിഹിതം നല്‍കുന്നതിന് പകരം നിലവാരമുള്ള ഉള്ളടക്കങ്ങളും പ്രാദേശിക വാര്‍ത്തകളും ലഭ്യമാകുന്നതില്‍ നിന്ന് അവര്‍ അവരുടെ ഉപഭോക്താക്കളെ തടയുകയാണെന്ന് മന്ത്രി പറഞ്ഞു.
തങ്ങള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും. ടെക്ക് ഭീമന്മാര്‍ക്കെതിരെ കാനഡക്കാര്‍ക്ക് വേണ്ടി സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണ് നിലകൊള്ളാനാവുകയെന്നും ഓഞ്ജ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ ഉള്ളടക്കങ്ങള്‍ സ്വമേധയാ ആണ് മാധ്യമ സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുന്നത് എങ്കിലും ആ ഉള്ളടക്കങ്ങളില്‍ നിന്ന് വലിയ രീതിയിലുള്ള പരസ്യ വരുമാനം പ്ലാറ്റ്‌ഫോമുകള്‍ നേടുന്നുണ്ട്. ഈ വരുമാനത്തില്‍ എത്ര പങ്ക് മാധ്യമങ്ങള്‍ക്ക് നല്‍കണം എന്ന് ടെക്ക് കമ്പനികള്‍ തന്നെയാണ് ഏക പക്ഷീയമായി തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഉള്ളടക്കം തങ്ങളുടേത് ആണെന്നും അതില്‍ നിന്നുള്ള വരുമാനത്തിന്റെ ന്യായമായ പങ്കിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നും മാധ്യമ സ്ഥാപനങ്ങള്‍ പറയുന്നു. ഓസ്‌ട്രേലിയയും യൂറോപ്പും മാധ്യമ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി സമാനമായ നിയമം നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്.