കാടാച്ചിറ സർവീസ് സഹകരണ ബാങ്ക് നിക്ഷേപതട്ടിപ്പ്: മാനേജരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

തലശ്ശേരി: കാടാച്ചിറ സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിലായ മാനേജർ കാടാച്ചിറ ആഡൂര് ആദിത്യയിൽ ടി.പി. പ്രവീൺകുമാർ എന്ന പ്രവീൺ പൊനോന്നേരിയുടെ ജാമ്യഹരജിയിൽ ജില്ല സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. നിക്ഷേപക ചാലയിലെ പ്രസന്നയുടെ പരാതിയിൽ ജൂലൈ 12നാണ് ഒന്നാം പ്രതിയായ മാനേജരെ അറസ്റ്റ് ചെയ്തത്.
മകൾ, അമ്മ എന്നിവരുടെയും സ്വന്തം പേരിലും 2015 ജൂലൈ 24 മുതൽ വിവിധ ഘട്ടങ്ങളിലായി നിക്ഷേപിച്ച 21,70,000 രൂപയുടെ 12 സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് തുക ദുരുപയോഗം ചെയ്തെന്ന പ്രസന്നയുടെ പരാതിയിൽ എടക്കാട് പൊലീസാണ് കേസെടുത്തത്.
മാനേജർ വഴി തുക ഡെപ്പോസിറ്റ് ചെയ്താൽ ഒരു ശതമാനം അധിക പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സ്ഥിരനിക്ഷേപ രസീത് കൈക്കലാക്കിയാണ് മാനേജർ തട്ടിപ്പ് നടത്തിയതെന്ന് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയെ അറിയിച്ചു.
പത്തുപവൻ സ്വർണം പണയം വെച്ച് 2018ൽ എടുത്ത രണ്ടുലക്ഷം രൂപ കാർഷിക വായ്പയും മാനേജർ ആവശ്യപ്പെട്ടത് പ്രകാരം ബാങ്കിൽ നിക്ഷേപിച്ചു. പാസ് ബുക്ക് നൽകിയെങ്കിലും തുക നിക്ഷേപിക്കാതെയും തട്ടിപ്പ് നടത്തി. ഹെഡ്ഓഫിസിൽ പണയം വെച്ച സ്വർണം പനോന്നേരി ബാങ്ക് അക്കൗണ്ടിലാണ് രേഖപ്പെടുത്തിയത്. രണ്ടാം പ്രതിയായ സെക്രട്ടറിയുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്.
സ്ഥിരനിക്ഷേപത്തിലൂടെ 30 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രസന്നക്കുണ്ടായത്. ജനവിശ്വാസം ആർജിച്ച ജില്ലയിലെ സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനാണ് ഇത്തരം തട്ടിപ്പുകളെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യുട്ടർ വാദിച്ചു.
ഒന്നാംപ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ച പരാതിക്കാരിയുടെ 12 സ്ഥിരനിക്ഷേപ രസീത്, ചെക്ക് ബുക്ക്, പാസ് ബുക്ക് ഉൾപ്പെടെയുള്ള 22 രേഖകളും കോടതിയിൽ ഹാജരാക്കി.
ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധിപറയും. ബാങ്ക് സെക്രട്ടറി ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയിട്ടുണ്ട്.