20 വനിതാപ്രതിഭകൾക്ക്‌ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘സമം’ പുരസ്‌കാരം

Share our post

കണ്ണൂർ : നടി നിഖില വിമൽ, ബോക്‌സിങ്‌ താരം കെ.സി. ലേഖ എന്നിവർ ഉൾപ്പെടെ 20 പേർക്ക്‌ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘സമം’ സ്‌ത്രീ ശാക്തീകരണ പുരസ്‌കാരം. 

ഗായിക സയനോര ഫിലിപ്പ്‌, പൊതുപ്രവർത്തക കെ. ലീല, മുതിർന്ന ഗൈനക്കോളജിസ്‌റ്റ്‌ മുബാറക്ക ബീവി (പാപ്പിനിശേരി), ചെത്തുതൊഴിലാളി ഷീജ ജയകുമാർ, ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന ജലറാണി (പനോന്നേരി), ബ്ലോഗർ നാജി നൗഷി, നാടകനടി രജനി മേലൂർ, ചിത്രകാരി സുനിത തൃപ്പാണിക്കര, നാരായണി മേസ്‌തിരി (മട്ടന്നൂർ), തെയ്യം കലാകാരി കെ.പി. ലക്ഷ്‌മി, ഗവ. കരാറുകാരി വി. ലത, ബസ്സുടമയും ജീവനക്കാരിയുമായ റജിമോൾ (കണ്ണൂർ സിറ്റി), കെ.വി. ശ്രുതി (ഡപ്യൂട്ടി കലക്ടർ, കണ്ണൂർ), ഷൈൻ ബെനവൻ (വനിതാ വ്യവസായി), പി. അശ്വിനി (ജൂനിയർ പബ്ലിക്‌ നഴ്‌സ്‌ എഫ്‌.എച്ച്‌.സി, ചെറുകുന്ന്‌), നവ സംരംഭക സംഗീത അഭയ്‌, കലാമണ്ഡലം ലീലാമണി (നൃത്തം), എസ്‌. സിതാര (സാഹിത്യം) എന്നിവരും വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനത്തിനുള്ള പുരസ്‌കാരങ്ങൾ നേടി. 

അരോളി ഗവ. ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ഞായറാഴ്‌ച പകൽ രണ്ടിന്‌ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ അറിയിച്ചു. മികച്ച ഹരിതസേനയ്‌ക്കുള്ള പുരസ്‌കാരം നേടിയ ആന്തൂർ നഗരസഭ, ഡൽഹിയിൽ റിപ്പബ്ലിക്‌ ദിനപരിപാടിയിൽ പങ്കെടുത്ത പാപ്പിനിശേരി വനിതാ ചെണ്ടസംഘം എന്നിവർക്കും സാംസ്‌കാരിക വകുപ്പുമായി സഹകരിച്ച്‌ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരം നൽകും. ഒക്ടോബറിൽ സ്‌ത്രീപദവി സർവേ പൂർത്തിയാക്കുമെന്നും ഡിസംബറിൽ വനിതകൾക്കായി നൈറ്റ്‌ ഫെസ്‌റ്റിവെൽ നടത്തുമെന്നും പി.പി. ദിവ്യ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ്‌ബാബു, സെക്രട്ടറി അബ്ദുൾ ലത്തീഫ്‌, ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി.  അജയകുമാർ എന്നിവരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!