കോഡ് ഷെയറിങ്ങുമായി ഇൻഡിഗോ; കണ്ണൂരിൽ നിന്ന് 39 രാജ്യങ്ങളിലേക്ക് യാത്രചെയ്യാം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് ഇൻഡിഗോ എയർലൈൻസ് സൗകര്യമൊരുക്കുന്നു. ടർക്കിഷ്എയർലൈൻസുമായുള്ള കോഡ് ഷെയറിങ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. മുംബൈ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽനിന്ന് കണക്ഷൻ വിമാനങ്ങൾ വഴിയാണ് യാത്ര സാധ്യമാകുക.
39 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് കണ്ണൂരിൽനിന്ന് യാത്രചെയ്യാനാകും. എന്നാൽ കണ്ണൂരിന് കോഡ് ഷെയറിങ് അനുമതിയില്ലാത്തതിനാൽ അനുമതിയുള്ള വിമാനത്താവളങ്ങൾ വഴി മാത്രമാണ് യാത്ര ചെയ്യാനാകുക.
അതിനാൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് രണ്ട് വിമാനത്താവളങ്ങളിൽ ഇറങ്ങി
കാത്തിരിപ്പും (ലേ ഓവർ) ഒരുദിവസത്തിലധികം സമയവും വേണ്ടിവരും.
ഇൻഡിഗോയുടെ ഹബ്ബായ മുംബൈയിലേക്ക് കണ്ണൂരിൽനിന്ന് സർവീസുകൾ തുടങ്ങിയതോടെയാണ് കണക്ഷൻ വിമാനങ്ങൾ വഴി വിദേശയാത്രയ്ക്ക് വഴിയൊരുങ്ങിയത്. മുംബൈയിലും ടർക്കിഷ് എയർലൈൻസിന്റെ ഹബ്ബായ ഈസ്താംബൂളിലുമാണ് ലേ ഓവർ വേണ്ടിവരുന്നത്.