എബിൻ, സുധാകരന്റെ അനൗദ്യോഗിക പി.എ; എട്ടിന് ചോദ്യം ചെയ്യും

കൊച്ചി : പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ അഞ്ചാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം അറിയപ്പെട്ടിരുന്നത് കെ. സുധാകരന്റെ അനൗദ്യോഗിക പി.എ.യായി. സുധാകരനെ മോൻസണുമായി പരിചയപ്പെടുത്തിയതും ഇയാളാണ്. കേസിൽ എബിൻ പ്രതിയായതോടെ സുധാകരനുമേലുള്ള കുരുക്ക് മുറുകും. മോൻസണിൽനിന്ന് എബിൻ 25 ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയെന്നാണ് പരാതിക്കാരുടെ ആരോപണം. എബിന്റെ അക്കൗണ്ടിലേക്ക് മോൻസണിന്റെ ജീവനക്കാരുടെ അക്കൗണ്ടിൽനിന്ന് പണം നൽകിയതിന്റെ രേഖ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. നേരിട്ട് പണമായും കൂടുതൽ തുക കൈമാറിയിട്ടുണ്ട്.
മോൻസണിൽനിന്ന് എബിൻ വിലപിടിപ്പുള്ള സമ്മാനം സ്വീകരിച്ചെന്നും മൊഴിയുണ്ട്. പരാതിക്കാരായ തൃശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും കോഴിക്കോട് സ്വദേശി എം.ടി. ഷെമീറിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സാക്ഷിയായ ഡ്രൈവർ അജിത്തിനെയും സ്വാധീനിക്കാൻ ശ്രമിച്ചു. ഇതിനെല്ലാമുള്ള പണം എബിന് ലഭിച്ചത് മോൻസണിൽനിന്നാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു.
പണം നൽകിയത് മോൻസൺ
ജീവനക്കാരുടെ ശമ്പള അക്കൗണ്ടുവഴിയാണ് മോൻസൺ പണമിടപാട് നടത്തിയിരുന്നത്. ഫെമ നിയമപ്രകാരം അക്കൗണ്ടുകൾ മരവിപ്പിച്ചതിനാലാണ് ജീവനക്കാരുടെ അക്കൗണ്ട് ഉപയോഗിച്ചതെന്നാണ് മോൻസൺ വിശ്വസിപ്പിച്ചത്. ശമ്പള അക്കൗണ്ടും കോൺടാക്ട് നമ്പറും ഇ–മെയിൽ വിലാസവും മോൻസണിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മോൻസണിന്റെ മേക്കപ്‌മാനും പോക്‌സോ കേസിലെ ഒന്നാംപ്രതിയുമായ തൃശൂർ തിരുവില്വാമല കുന്നേൽവീട്ടിൽ കെ.ജെ. ജോഷിയിൽനിന്ന് എബിൻ വാങ്ങിയത് 26,000 രൂപ. 2020 ജനുവരിയിലാണ് ജോഷിയുടെ പേരിൽ ഇൻഡസ് ഇൻഡ് ബാങ്ക് അക്കൗണ്ടിൽനിന്ന് എബിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചത്.
എബിനെ എട്ടിന് ചോദ്യം ചെയ്യും
മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ അഞ്ചാംപ്രതി എബിനോട് എട്ടിനും മൂന്നാംപ്രതി ലക്ഷ്‌മണിനോട് 11നും ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.